'ആദ്യ മത്സരവും പിറന്നാൾ ദിനത്തിൽ കളിച്ചാൽ മതിയായിരുന്നു': ടോസ് ലഭിച്ചതിൽ ചിരിയോടെ കോലി
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് സ്കോട്‌ലന്‍ഡിനെതിരെ കോലി ഒരു ടോസ് ജയിച്ചത്. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്
ടി20 ലോകകപ്പിൽ ആദ്യമായിട്ടായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ടോസ് ലഭിച്ചത്. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരം ഇന്ത്യക്ക് നിർണായകമായിരുന്നു. ജയം മാത്രമല്ല, നെറ്റ്‌റൺറേറ്റ് ഉയർത്തുക എന്ന ലക്ഷ്യമായിരുന്നു കോലിക്കും ഇന്ത്യക്കും ഉണ്ടായിരുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തുംവിധം ഇന്നലെ കോലിക്ക് തന്നെ ടോസ് ലഭിച്ചു. മഞ്ഞ് വലിയ പ്രശ്‌നമാണെങ്കിലും ടോസ് നേടിയ കോലി സ്‌കോട്ട്‌ലാൻഡിനെ ബാറ്റിങിനയക്കുകയായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ ടോസ് ജയിച്ചതിനെക്കുറിച്ച് കമന്‍റേറ്ററുടെ ചോദ്യത്തിന് രസകരമായിരുന്നു കോലിയുടെ മറുപടി. ആദ്യ മത്സരം എന്‍റെ പിറന്നാള്‍ ദിനത്തില്‍ കളിച്ചാല്‍ മതിയായിരുന്നു എന്നായിരുന്നു ചിരിയോടെയുള്ള കോലിയുടെ മറുപടി. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനോടാണ് ഇന്ത്യ തോറ്റത്. ടോസ് കൈവിട്ട ഇന്ത്യയെ പാക്കിസ്ഥാന്‍ ബാറ്റിംഗിന് അയക്കുകയയായിരുന്നു. പാക് ബൗളര്‍മാര്‍ പിടി മുറുക്കിയപ്പോള്‍ ഇന്ത്യക്ക് 152 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരത്തില്‍ പാകിസ്താന്‍ പത്ത് വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് വന്ന ന്യൂസിലാന്‍ഡ്-അഫ്ഗാനിസ്താന്‍ മത്സരങ്ങളിലും കോലിക്ക് നഷ്ടപ്പെടുകയായിരുന്നു.
ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ആറ് ടോസുകള്‍ നഷ്ടമായശേഷമാണ് സ്കോട്‌ലന്‍ഡിനെതിരെ കോലി ഒരു ടോസ് ജയിച്ചത്. 2020നുശേഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയെ 42 മത്സരങ്ങളില്‍ നയിച്ച കോലി ആകെ ജയിച്ചത് 11 ടോസുകള്‍ മാത്രമാണ്. ടി20യില്‍ ആറും ഏകദിനത്തില്‍ രണ്ടും ടെസ്റ്റില്‍ മൂന്നെണ്ണവും മാത്രം. സമൂഹമാധ്യമങ്ങളിലും കോലിയുടെ ടോസ് വിജയം ചര്‍ച്ചയായി. രസരകരമായ ട്വീറ്റുകളും കമന്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. അത്ഭുതമെന്ന് ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ എല്ലാ ദിവസവും പിറന്നാള്‍ കേക്ക് മുറിച്ച് ടോസിടാന്‍ വന്നാല്‍ മതിയായിരുന്നു എന്നായി മറ്റു ചിലര്‍.
അതേസമയം നിർണായക മത്സരത്തിൽ സ്‌കോട്ട്‌ലന്റിനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോട്ട്‌ലന്റ് ഉയർത്തിയ 86 റൺസ്, എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടയ്ക്കുകയായിരുന്നു.19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ ആഞ്ച് ഫോറും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത്തിന്റെ സംഭാവന. കോലിയും (2) സൂര്യകുമാറും (6) പുറത്താവാതെ നിന്നു.