വിരാട് കോഹ്‌ലിയ്ക്ക് 1050 കോടി ആസ്തി; ലോകക്രിക്കറ്റിലെ അതിസമ്പന്നൻ
മുംബൈ (34 കോടി), ഗുരുഗ്രാം (80 കോടി) എന്നിവിടങ്ങളിൽ രണ്ട് വീടുകൾ കോഹ്‌ലിയ്ക്കുണ്ട്
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലി ലോകക്രിക്കറ്റിലെ അതിസമ്പന്നൻ. സ്‌റ്റോക് ഗ്രോ റിപ്പോർട്ട് പ്രകാരം ലോകത്തിലെ അതിസമ്പന്നനായ ക്രിക്കറ്ററാണ് 34കാരനായ താരം. 1050 കോടിയാണ് ലോകപ്രശസ്ത കായിക താരങ്ങളിൽ ഒരാൾ കൂടിയായ കോഹ്‌ലിയുടെ വരുമാനം. ടീം ഇന്ത്യയുമായി എപ്ലസ് കോൺട്രാക്ടിൽ ഏഴു കോടിയാണ് താരം സമ്പാദിക്കുന്നത്. ടെസ്റ്റിന് 15 ലക്ഷം, ഏകദിനത്തിന് ആറു ലക്ഷം, ടി20 യ്ക്ക് മൂന്നു ലക്ഷം എന്നിങ്ങനെയാണ് താരത്തിന്റെ മത്സര ഫീ. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന മുൻ ഇന്ത്യൻ നായകന് 15 കോടിയാണ് ലഭിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ 252 മില്യൺ ഫോളോവേഴ്‌സുള്ള കോഹ്‌ലി സമൂഹ മാധ്യമങ്ങളിൽ ഏറെ പിന്തുണയുള്ള താരമാണ്. ലക്ഷങ്ങളാണ് പരസ്യയിനത്തിൽ താരം നേടുന്നത്. നിരവധി ബ്രാൻഡുകളുടെ ഉടമയായ താരം ബ്ലൂ ട്രൈബ്, യൂണിവേഴ്‌സൽ സ്‌പോർട്‌സ് ബിസ്, എം.പി.എൽ, സ്‌പോർട്‌സ് കോൺവോ എന്നിങ്ങനെയുള്ള ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 18 ബ്രാൻഡുകളുമായുള്ള പരസ്യങ്ങളിലൂടെ ഏഴര മുതൽ പത്ത് കോടി വരെയായി വാർഷിക വരുമാനം കോഹ്‌ലി സ്വന്തമാക്കുന്നുണ്ട്. ഇത്തരത്തിൽ 175 കോടിയാണ് ബ്രാൻഡുകളെ പിന്തുണച്ച് കോഹ്‌ലി നേടുന്നത്.
ഇൻസ്റ്റഗ്രാമിലെയും ട്വിറ്ററിലെയും പോസ്റ്റുകൾക്ക് യഥാക്രമം 8.9 കോടിയും രണ്ടര കോടിയും താരം ഈടാക്കുന്നുണ്ട്. മുംബൈ(34 കോടി), ഗുരുഗ്രാം (80 കോടി) എന്നിവിടങ്ങളിൽ രണ്ട് വീടുകൾ കോഹ്‌ലിയ്ക്കുണ്ട്. 31 കോടി വിലയുള്ള ആഡംബര കാറുകളുമുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന എഫ്.സി ഗോവ ക്ലബ് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ളതാണ്. ടെന്നീസ് ടീം, പ്രോ റെസ്‌ലിംഗ് ടീം എന്നിവയും താരത്തിന്റേതായുണ്ട്. വെസ്റ്റിൻഡീസ് പര്യടനത്തിൽ കോഹ്‌ലി ഇന്ത്യൻ ടീമിലുണ്ടാകും.
Virat Kohli's net worth is 1050 crores and he is the richest man in world cricket