'കോഹ്‌ലിയുടെ ഫോൺ സ്വിച്ച്ഓഫ്, ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്'; വിമർശനവുമായി ബാല്യകാല കോച്ച്‌

ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു.

Update: 2021-12-13 09:20 GMT
Editor : rishad | By : Web Desk
Advertising

ഏകദിനത്തില്‍ നിന്നും കോഹ്‌ലിയുടെ നായകസ്ഥാനം നീക്കിയതിനെതിരെ രൂക്ഷവിമര്‍ശവുമായി താരത്തിന്റെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു. ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി വിഷയം കൈകാര്യം ചെയ്ത രീതിയിൽ ആശ്ചര്യം പ്രകടിപ്പിച്ച പരിശീലകൻ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു.

'ഇതേക്കുറിച്ച് ഞാൻ ഇതുവരെയും വിരാടുമായി സംസാരിച്ചിട്ടില്ല. ചില കാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. ഞാൻ അറിഞ്ഞത് വിരാട് ടി20 ടീമിന്റെ നായകസ്ഥാനം സ്വയം ഒഴിഞ്ഞതാണെന്നാണ്. സെലക്ടർമാർക്കു അപ്പോൾ തന്നെ ഏകദിനത്തിൽ നിന്നും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്നോ അല്ലെങ്കിൽ രണ്ടു ഫോർമാറ്റുകളിൽ നിന്നും സ്ഥാനമൊഴിയരുതെന്നോ ആവശ്യപ്പെടാമായിരുന്നു", ശർമ പറഞ്ഞു.

നായകസ്ഥാനത്ത് നിന്ന് കോഹ്‌ലിയെ മാറ്റുന്നതിന് മുമ്പ് ഇതിന്റെ കാരണം താരത്തെ സെലക്ടർമാർ അറിയിക്കണമായിരുവെന്നും ഇക്കാര്യത്തിൽ സുതാര്യമായ നടപടിയല്ല ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാജ്‌കുമാർ ശർമ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രോഹിത് ശർമയെ ഏകദിന ടീമിന്റെ പുതിയ നായകനായി നിയമിച്ചെന്ന് ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതേസമയം എന്തുകൊണ്ടാണ് കോഹ്‌ലിയെ നീക്കിയതെന്നു ബിസിസിഐ വിശദീകരിച്ചില്ല. നിശ്ചിത ഓവർ ക്രിക്കറ്റിൽ രണ്ടു ക്യാപ്റ്റൻമാരെന്നത് പ്രായോഗികമല്ലെന്നു സെലക്ടർമാർക്കു തോന്നിയെന്നും ഇതാണ് രോഹിത്തിനെ നായകനാക്കാൻ കാരണമെന്നുമാണ് ദിവസങ്ങൾക്കു ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.

ടി20 ലോകകപ്പിന്  ശേഷം ടി20 നായകസ്ഥാനത്ത് നിന്നും ഒഴിയിമെന്ന് കോഹ് ലി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഏകദിനത്തില്‍ നായകനായി തുടരുമെന്നാണ് പറഞ്ഞിരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News