'അതൊന്നും കാര്യമാക്കേണ്ട': ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരം ഒത്തുകളിയാണെന്ന ആരോപണത്തിനെതിരെ അക്രവും വഖാറും

'എന്തുകൊണ്ടാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് എനിക്കറിയില്ല? ഇന്ത്യ വളരെ മികച്ച ടീമാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ അവർക്ക് രണ്ട് മോശം ദിവസങ്ങള്‍ ഉണ്ടായി എന്നേയുള്ളൂ'-വസീം അക്രം പറഞ്ഞു.

Update: 2021-11-04 13:50 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20യിൽ ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരം ഒത്തുകളിയാണെന്ന സോഷ്യൽ മീഡിയയിലെ അടക്കം പറച്ചിലുകളെ വിമർശിച്ച് പാകിസ്താന്റെ ഇതിഹാസ താരങ്ങളായ വഖാർ യൂനുസും വസീം അക്രവും. ഒത്തുകളി ആരോപണം ഗൂഢാലോചനാ സിദ്ധാന്തമാണെന്നായിരുന്നു വസീം അക്രത്തിന്റെ പ്രതികരണം.

'എന്തുകൊണ്ടാണ് ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ സൃഷ്ടിക്കാൻ ഇഷ്ടപ്പെടുന്നതെന്ന് എനിക്കറിയില്ല? ഇന്ത്യ വളരെ മികച്ച ടീമാണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ അവർക്ക് രണ്ട് മോശം ദിവസങ്ങള്‍ ഉണ്ടായി എന്നേയുള്ളൂ'-വസീം അക്രം പറഞ്ഞു. അര്‍ഥശൂന്യമായ കാര്യമാണിതെന്നായിരുന്നു വഖാര്‍ യൂനുസിന്റെ പ്രതികരണം. ഇത്തരം ആളുകള്‍ക്ക് ചെവികൊടുക്കരുതെന്നും വഖാര്‍ യൂനുസ് കൂട്ടിച്ചേര്‍ത്തു. 

ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമായിരുന്നു അഫ്ഗാനിസ്താനെതിരെ. അതും ടൂര്‍ണമെന്റിലെ മികച്ച സ്കോര്‍ കുറിച്ചുകൊണ്ട്. 60 റണ്‍സിനാണ് അഫ്ഗാനിസ്താനെ ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ അഫ്ഗാനിസ്താനെതിരെ ജയം അനിവാര്യമായിരുന്നു. അതും മികച്ച റണ്‍റേറ്റില്‍. ഇതോടെയാണ് ഒത്തുകളി ആരോപണവുമായി സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ രംഗത്ത് എത്തിയത്.

ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ മുഹമ്മദ് നബിയോട് കോഹ് ലി പറഞ്ഞു എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ആരോപണം. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ലോങ് ഓഫില്‍ വെച്ച് അനായാസം പിടിക്കാനാവുമായിരുന്ന ക്യാച്ച് നജിബുള്ള സദ്രാന്‍ നഷ്ടപ്പെടുത്തി. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീല്‍ഡിങ്ങും ഇന്ത്യക്ക് വേണ്ടി അഫ്ഗാന്‍ തോറ്റുകൊടുത്തു എന്നതിന് തെളിവാണെന്ന് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാണിക്കുന്നു.

നിലവില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് എട്ടു പോയിന്റുമായി പാകിസ്താന്‍ സെമിയിലെത്തി. ഇനി ശേഷിക്കുന്ന ഒരു സ്ഥാനത്തിനായാണ് പോരാട്ടം. ന്യൂസിലാന്‍ഡും അഫ്ഗാനിസ്ഥാനും ഒപ്പം ഇന്ത്യയും ഈ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. +1.481 ആണ് അഫ്ഗാനിസ്താന്റെ റണ്‍റേറ്റ്. ന്യൂസീലന്‍ഡിന്റേത് +0.816 ഉം ഇന്ത്യയുടേത് +0.073 ഉം ആണ്. നവംബര്‍ ഏഴിനാണ് ന്യൂസീലന്‍ഡ്-അഫ്ഗാനിസ്താന്‍ മത്സരം. ഈ മത്സരത്തിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷകള്‍. ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ പിന്നെ റണ്‍റേറ്റിന് പ്രസക്തിയുണ്ടാവില്ല. അല്ലെങ്കില്‍ ന്യൂസിലാന്‍ഡിനെ നമീബിയ അട്ടിമറിക്കണം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News