അപാര ഫോമിൽ അശ്വിൻ: ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസം
ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസമായി രവിചന്ദ്ര അശ്വിന്റെ മികച്ച ഫോം.
ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശ്വാസമായി രവിചന്ദ്ര അശ്വിന്റെ മികച്ച ഫോം. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേക്ക് വേണ്ടി കളിക്കുന്ന അശ്വിൻ ആറ് വിക്കറ്റ് വീഴ്ത്തി. സോമർസെറ്റാണ് എതിരാളി. രണ്ടാം ഇന്നിങ്‌സിലായിരുന്നു അശ്വിന്റെ വിക്കറ്റ് കൊയ്ത്ത്.
ആദ്യ ഇന്നിങ്‌സിൽ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ന്യൂബോൾ എടുത്ത അശ്വിന്‍ വെറും പതിമൂന്ന് ഓവർ കൊണ്ടാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 23 റൺസ് വഴങ്ങിയിട്ടായിരുന്നു അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ആദ്യ ഇന്നിംഗ്സിൽ 429 റൺസെടുത്ത സോമർസെറ്റിന് മറുപടിയായി സറെ 240 റൺസിന് ഓൾ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 69 റൺസിന് പുറത്തായെങ്കിലും 189 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ സോമർസെറ്റിന് തന്നെയാണ് മത്സരത്തിൽ ഇപ്പോഴും മുൻതൂക്കം.
ഓഗസ്റ്റ് 14നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. ഓഗസ്റ്റ് നാലിന് ട്രെൻഡ് ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വരുന്ന പരമ്പര എന്ന നിലയിൽ ഇന്ത്യക്ക് ഏറെ നിർണായകമാണ്. വിരാട് കോലി, പരിശീലകൻ രവി ശാസ്ത്രി എന്നിവർക്കും പരമ്പര നിർണായകമാണ്.