ഇന്ത്യയോട് തനിക്കുള്ള സ്നേഹവും കൂറും ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല: മുഹമ്മദ് ഷമി
ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഷമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് വിദ്വേഷ സന്ദേശങ്ങൾ പ്രവഹിച്ചിരുന്നു
ടി20 ലോകകപ്പിൽ പാക്കിസ്താനെതിരായ തോൽവിക്ക് ശേഷം സൈബർ ആക്രമണത്തിന് വിധേയമായതിനെ കുറിച്ച് മുഹമ്മദ് ഷമി. തന്നെ ട്രോളിയവർ യഥാർത്ഥ ആരാധകരോ യഥാർത്ഥ ഇന്ത്യക്കാരോ അല്ലെന്നും, ഇന്ത്യയോടുള്ള തന്റെ കൂറ് ആരോടും തെളിയിക്കേണ്ട ആവശ്യമില്ലെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷമി പറഞ്ഞു.
''അജ്ഞാതരായ സോഷ്യൽ മീഡിയ പ്രൊഫൈലുകളുള്ള ആളുകൾക്ക് ആരുടെയെങ്കിലും നേരെ വിരൽ ചൂണ്ടുമ്പോൾ, അവർക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇന്ത്യയോടുള്ള കൂറ് ആരോടും തെളിയിക്കേണ്ട ആവശ്യമില്ല. ഞങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം, ഇന്ത്യ ഞങ്ങൾക്ക് എന്താണെന്നും. ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുകയും രാജ്യത്തിന് വേണ്ടി പോരാടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ട്രോളുകൾക്കെതിരെ പറഞ്ഞുകൊണ്ടോ പ്രതികരിച്ചുകൊണ്ടോ ആരോടും ഒന്നും തെളിയിക്കേണ്ടതില്ല'' ഷമി പറഞ്ഞു.
ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ഷമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് വിദ്വേഷ സന്ദേശങ്ങൾ പ്രവഹിച്ചിരുന്നു. അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും പാക്കിസ്താനിൽ നിന്ന് പണം വവാങ്ങിയാണ് കളിച്ചെന്നും ആരോപിച്ചായിരുന്നു സൈബർ ആക്രമണം.