ആസ്‌ട്രേലിയയുടെ വഴിമുടക്കാൻ വിൻഡീസിനായില്ല; ഓസീസ് വിജയം എട്ടു വിക്കറ്റിന്
ഡേവിഡ് വാർണർ 89 റൺസ് നേടി പുറത്താകാതെ നിന്നു
ട്വന്റി 20 ലോകകപ്പിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ ആസ്‌ട്രേലിയ എട്ടു വിക്കറ്റ് വിജയം. വെസ്റ്റിൻഡീസ് ഒരുക്കിയ 157 റൺസ് വിജയലക്ഷ്യം 22 പന്തുകൾ ബാക്കി നിൽക്കേ ഓസീസ് മറികടക്കുകയായിരുന്നു. ഡേവിഡ് വാർണർ 89 റൺസ് നേടി പുറത്താകാതെ നിന്നു. മിച്ചൽ മാർഷ് 53 റൺസ് നേടി. ജോഷ് ഹാസൽവുഡ് നാലു വിക്കറ്റ് നേടി വിൻഡീസിനെ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആദം സാമ്പയും മിച്ചൽ സ്റ്റാർക്കും ഓരോ വിക്കറ്റ് വീതം നേടി. വിൻഡീസിനായി കീറൺ പൊള്ളാർഡ് 44 റൺസ് നേടി. എവിൻ ലെവിസ് 29 ഉം ഹെറ്റ്‌മെയർ 27 ഉം റൺസ് നേടി.
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ വമ്പൻ വിജയം ആസ്‌ട്രേലിയക്ക് നൽകിയ പ്രതീക്ഷ കാക്കാൻ ഈ വിജയം ഓസീസിന് അനിവാര്യമായിരുന്നു. സെമി കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് ആസ്‌ട്രേലിയയുടെ വഴിമുടക്കാനാകുമായിരുന്നു. എന്നാലത് നടന്നില്ല. വെറ്ററൻ താരം ഡ്വയിൻ ബ്രാവോ ഇന്നത്തെ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചിരിക്കുകയാണ്. ആസ്‌ട്രേലിയ ജയിച്ചതോടെ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. നിലവിൽ എട്ടു പോയന്റോടെ ഓസീസ് ഗ്രൂപ്പിൽ രണ്ടാമതാണ്.
അതേസമയം നാല് വിജയം അക്കൗണ്ടിലുള്ള ഇംഗ്ലണ്ടിന് ചെറിയ തോൽവിപോലും സെമിയിലെത്തുന്നതിന് തടസ്സമാകില്ല. നിലവിൽ ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട് ആണ് സെമി ബെർത്ത് ഉറപ്പിച്ച ടീം. അവർ കളിച്ച നാല് മത്സരങ്ങളും വിജയിച്ചു. എട്ട് പോയിന്റ് സ്വന്തമാക്കി. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 20 റൺസിനിടെ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. വിൻഡീസിനെതിരായ വിജയത്തോടെ ഓസീസ് റൺറേറ്റ് +1.216 ആണ്. ദക്ഷിണാഫ്രിക്കയുടേത് +0.742 ആണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് വല്ല സാധ്യതയുമുണ്ടാകണമെങ്കിൽ വമ്പൻ ജയം തന്നെ വേണ്ടിവരും.