കോഹ്‌ലിക്ക് ശക്തമായി തിരിച്ചുവരാനാകും, ഇപ്പോൾ വിശ്രമിക്കട്ടെ: വസീം ജാഫർ
കോഹ്‌ലിയുടെ കളി ജീവിതത്തിലെ ഏറ്റവും മോശം ഐപിഎല്ലാണിത്.
മുംബൈ: ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നിർദേശിച്ച് വസീം ജാഫർ. മൂന്നാഴ്ച വിശ്രമമെടുത്താൽ തീരാവുന്ന പ്രശ്‌നങ്ങളേ കോഹ്ലിക്കുള്ളൂവെന്ന് മുൻ ഓപണർ പറഞ്ഞു. ക്രിക് ട്രാക്കറിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റ് ഷോയിലാണ് ജാഫറിന്റെ പ്രതികരണം.
'ആറു മാസം മുമ്പ്, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലി മാത്രമായിരുന്നു ഒന്നാമൻ. പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അദ്ദേഹം ഒരു ഫോർമാറ്റിലെയും നായകനല്ല ഇപ്പോൾ. സ്‌കോർ കണ്ടെത്താനും കഴിയുന്നില്ല. മൂന്നാഴ്ചയോ ഒന്നോ രണ്ടോ മാസമോ കോഹ്‌ലി വിശ്രമമെടുക്കണം. ക്ഷീണം തീർത്ത് അദ്ദേഹം ശക്തമായി തിരിച്ചുവരും.' - എന്നായിരുന്നു ജാഫറിന്‍റെ വാക്കുകൾ.
തുടർച്ചയായ രണ്ടാം മത്സരത്തിലും കോഹ്‌ലി ഗോൾഡൻ ഡക്കായതിന് പിറകെയാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് റൺ മെഷീൻ പൂജ്യത്തിന് പുറത്തായത്. കോഹ്‌ലിയുടെ ആറാം ഗോൾഡൻ ഡക്കാണിത്. ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസൺ എറിഞ്ഞ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകിയാണ് കോഹ്‌ലി മടങ്ങിയത്. ലഖ്‌നൗ സൂപ്പർ ജെയന്റ്‌സിനെതിരെ ദുഷ്മന്ത ചമീരയുടെ പന്തിലാണ് സൂപ്പർ താരം പുറത്തായിരുന്നത്.
കോഹ്‌ലിയുടെ കളി ജീവിതത്തിലെ ഏറ്റവും മോശം ഐപിഎല്ലാണിത്. ഒരു അർധ സെഞ്ച്വറി പോലും ഈ സീസണിൽ താരത്തിന് സ്വന്തമാക്കാനായിട്ടില്ല. എട്ട് ഇന്നിങ്‌സുകളിൽനിന്ന് ഇതുവരെ നേടിയത് 119 റൺസ് മാത്രം. ശരാശരി 17.00.
കോഹ്‌ലി തൽക്കാലം ഇടവേളയെടുക്കേണ്ട സമയമായെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും പ്രതികരിച്ചു. 'വിരാട് കോലി കൂടുതൽ പാകം ചെയ്യപ്പെട്ട കളിക്കാരനാണ്. ഇടവേള ആവശ്യമുണ്ടെന്ന് തോന്നിയാൽ അദ്ദേഹത്തിനെടുക്കാം. ഒന്നോ രണ്ടോ മാസമോ, എത്രയായാലും' - ശാസ്ത്രി പറഞ്ഞു.
അതേ സമയം, കോഹ്‌ലിക്കു പിന്തുണയുമായി ബാംഗ്ലൂർ മുഖ്യ പരിശീലകൻ സഞ്ജയ് ബംഗാർ എത്തി. 'ബാംഗ്ലൂരിനായി മുൻ വർഷങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള കളിക്കാരനാണ് കോലി. എല്ലാ താരങ്ങളും ഒരിക്കൽ മോശം ഘട്ടത്തിലൂടെ കടന്നുപോകും. വളരെ നന്നായിത്തന്നെയാണു കോലി സീസൺ തുടങ്ങിയത്. പുണെയ്‌ക്കെതിരായ മത്സരത്തിൽ വിജയ റൺ നേടുന്നതിന്റെ തൊട്ടടുത്തുവരെ കോലി എത്തി. പിന്നീടാണ് റൺഔട്ടുകളും എഡ്ജും തിരിച്ചടിയായത്. കാര്യങ്ങൾ ഇപ്പോഴും കോഹ്‌ലിയുടെ വരുതിയിൽത്തന്നെയാണ്' - അദ്ദേഹം പറഞ്ഞു.