പന്ത് എവിടെ, പാഡ് എവിടെ? ഇതെന്ത് റിവ്യൂ? പൊട്ടിച്ചിരിച്ച് കമന്റേറ്റർമാർ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു കോൾ എന്നാണ് സമൂഹമാധ്യമങ്ങിൽ വിശേഷിപ്പിക്കപ്പെടുന്നത്. മത്സരത്തിന്റെ നാലാം ദിനത്തിലായിരുന്നു ഇങ്ങനെയൊരു റിവ്യു.
ലോകചാമ്പ്യന്മാരായ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ചരിത്ര ജയം നേടിയെങ്കിലും ബംഗ്ലാദേശിനെ കുഴപ്പിച്ചതൊരു റിവ്യു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യു കോൾ എന്നാണ് സമൂഹമാധ്യമങ്ങിൽ വിശേഷിപ്പിക്കപ്പെടുന്നത്. മത്സരത്തിന്റെ നാലാം ദിനത്തിലായിരുന്നു ഇങ്ങനെയൊരു റിവ്യു.
ന്യൂസീലന്‍ഡ് രണ്ടാമിന്നിങ്‌സിലെ 37-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹമ്മദിന്റെ ഫുള്‍ ലെങ്ത് ഡെലിവെറിയില്‍ റോസ് ടെയ്‌ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുണ്ടായിരുന്നത്. എന്നാല്‍ ബംഗ്ലാദേശ് ഇത് എല്‍ബിഡബ്ല്യു ആണെന്ന് വാദിച്ച് ഡിആര്‍എസിന് നല്‍കി. എന്നാല്‍ റീപ്ലേയില്‍ ടെയ്‌ലറുടെ പാഡിന്റെ അടുത്തുപോലും പന്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി.
റിവ്യൂവുമായി ബന്ധപ്പെട്ട് നിരവധി രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലെഗ് ബിഫോർ വിക്കറ്റിന് പകരം ബാറ്റ് ബിഫോർ വിക്കറ്റ് എന്നായോ എന്നായിരുന്നു മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തികിന്റെ പ്രതികരണം. സമയം കളഞ്ഞതിൽ ന്യൂസിലാൻഡിന് അധിക റൺസ് കൊടുക്കണമെന്നും ബംഗ്ലാദേശിന് പിഴ ഈടാക്കണമെന്നുമൊക്കെയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി പേർ ട്വീറ്റ് ചെയ്യുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ തോൽപിച്ച് ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായാണ് ന്യൂസിലാൻഡിൽ, ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. മാത്രമല്ല ആദ്യമായാണ് ന്യൂസിലാൻഡിനെതിരെ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിക്കുന്നതും. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ക്രൈസ്റ്റ്ചർച്ചിൽ ഈ മാസം 9ന് നടക്കും.