ധോണിക്ക് പകരം ചെന്നൈ സൂപ്പർകിങ്‌സിനെ ആര് നയിക്കും?
മികച്ച ഫോമിലുള്ള യുവതാരം ഋതുരാജ് ഗെയിക്‌വാദിനെ ധോണിയെ പിൻഗാമിയായി നിയമിക്കണമെന്നാണ് കേദാർ ജാദവ് പറയുന്നത്
ചെന്നൈ: ധോണി എന്ന് ക്രിക്കറ്റ് മതിയാക്കും എന്ന ചോദ്യത്തിന് ആവശ്യക്കാരേറെയാണ്. അന്താരാഷ്ട്ര കരിയർ നേരത്തെ മതിയാക്കിയ താരം ഐ.പി.എല്ലിൽ മാത്രമാണ് ഇപ്പോൾ സജീവമായിട്ടുള്ളത്. ധോണിയുടെ ബാറ്റിങ് കാണാൻ ഇപ്പോൾ തന്നെ റെക്കോർഡ് കാണികളാണ്. താരത്തിന്റെ അവസാന ഐ.പി.എൽ മത്സരം കാണാൻ രണ്ടരക്കോടിയിലധികം ആളുകളാണ് ജിയോ സിനിമയിലൂടെ മാത്രം എത്തിയത്.
ലോക ക്രിക്കറ്റിന് ധോണി ഇപ്പോഴും പ്രിയപ്പെട്ടവനെന്ന് മാത്രം. ഇപ്പോഴിതാ ധോണിയുടെ പകരക്കാരൻ ആരാവും എന്ന ചോദ്യവും ബലപ്പെട്ടിരിക്കുന്നു. ഈ സീസണോടെ ധോണി കളി മതിയാക്കുമെന്ന ശക്തമായ പ്രചാരണങ്ങൾക്കിടയിൽ നിന്നുമാണ് ഈ ചോദ്യവും ഉയരുന്നത്. മികച്ച ഫോമിലുള്ള യുവതാരം ഋതുരാജ് ഗെയിക്‌വാദിനെ ധോണിയെ പിൻഗാമിയായി നിയമിക്കണമെന്നാണ് കേദാർ ജാദവ് പറയുന്നത്. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻസ്‌റ്റോക്‌സിനെയും പരിഗണിക്കാമെന്നാണ് കേദാർ ജാദവ് പറയുന്നത്. എന്നാൽ ഈ സീസൺ തുടരാൻ ബെൻസ്റ്റോക്ക് നന്നായി കളിക്കാനുണ്ടെന്നും ജാദവ് വ്യക്തമാക്കി.
രവീന്ദ്ര ജഡേജയേയും പരിഗണിക്കാമെങ്കിലും കഴിഞ്ഞ സീസണിൽ അമ്പെ പരാജയമായിരുന്നു. ധോണി തന്നെ പിന്നീട് നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 16.25 കോടിക്കാണ് സ്റ്റോക്‌സിനെ ചെന്നൈ സ്വന്തമാക്കിയത്. താരത്തിന് ഇതുവരെ ഫോമിലേക്ക് എത്താനായിട്ടില്ല. എന്നാൽ 2019 മുതൽ ടീമിന്റെ ഭാഗമാണ് ഗെയിക്‌വാദ്. 2020 മുതൽ ടീമിന്റെ ഭാഗമായ ഗെയിക്‌വാദിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വർഷങ്ങളായി, വലംകയ്യന്‍ ഓപ്പണർ സി.എസ്.കെയുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ്. ഐ.പി.എല്ലിൽ 40ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്, സ്ട്രൈക്ക് റേറ്റ് 130ന് മുകളിലും.
നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് ജയവും രണ്ട് തോൽവിയുമായി അഞ്ചാംസ്ഥാനത്താണ് ചെന്നൈ സൂപ്പർകിങ്‌സ്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് ഒന്നാം സ്ഥാനത്ത്. ലക്‌നൗ സൂപ്പർ ജയന്റ്‌സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
Summary-Who will lead Chennai Super Kings instead of Dhoni?