എല്ലാം പെട്ടൊന്നായിരുന്നു; വരവറിയിച്ച് വിൽ ജാക്സ്
ഇപ്പോൾ ക്ലോക്കിൽ സമയം 6:41.
വിൽ ജാക്സ് 31 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട് ക്രീസിലുണ്ട്. ബെംഗളൂരുവിന് വിജയിക്കാൻ 43 റൺസ് കൂടി ഇനിയുംവേണം.
ഇപ്പോൾ സമയം 6:48.
വിൽജാക്ക്സ് 41 പന്തിൽ ജാക്സ് സെഞ്ച്വറി കടന്നിരിക്കുന്നു. മത്സരം ഒന്ന് മുറുമ്പോഴേക്കും ഒരു ചായകുടിച്ചുവരാമെന്ന് കരുതി ടിവിക്ക് മുന്നിൽ നിന്നും എണീറ്റ് പോയവർ തിരിച്ചെത്തിയപ്പോൾ കണ്ടത് വിജയമാഘോഷിക്കുന്ന ആർ.സി.ബി ടീമിനെയാണ്.
ഒരൊറ്റ മത്സരം കൊണ്ട് ജാക്സ് താനാരാണെന്ന് ഇന്ത്യക്കാർക്കും അതിലുപരി ആർ.സി.ബി മാനേജ്മെന്റിനും കാണിച്ചുകൊടുത്തു. ക്രീസിൽ താളം കണ്ടെത്താതെ വിഷമിച്ചുനിന്ന തുടക്കത്തിന് ശേഷം അയാൾ കൊടുങ്കാറ്റായി ആഞ്ഞടിക്കുയായിരുന്നു. 50ൽ നിന്നും 100ലേക്കെത്താൻ അയാൾ എടുത്തത് 10 പന്തുകൾ മാത്രം. ആകെ പറത്തിയത് പത്തുസിക്സറുകൾ!
16ാം ഓവർ തന്റെ ഏറ്റവും മികച്ച സ്പിന്നർ റാഷിദ് ഖാനെ ശുഭ്മാൻ ഗിൽ ഏൽപ്പിച്ചത് മത്സരത്തിലേക്ക് തിരിച്ചുവരാനാനായിരുന്നു. പക്ഷേ ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 സ്പിന്നർ എന്നറിയപ്പെടുന്ന റാഷിദ് ഖാന്റെ ഒരോവറിൽ നാലുസിക്സറും ഒരു ബൗണ്ടറിയും അടിച്ച ജാക്സ് മത്സരമങ്ങ് തീർത്തുകളഞ്ഞു. നിർത്താതെയുള്ള അടികണ്ട് വാപൊളിച്ചുനിൽക്കുന്ന കോഹ്‍ലിയുടെ റിയാക്ഷൻ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വില്യം ജോർജ് ജാക്സെന്ന ഇംഗ്ലീഷുകാരൻ ട്വന്റി 20 ലീഗുകളിൽ ഷൈൻ ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇംഗ്ലണ്ടിലെ ദി ഹൻഡ്രഡ് ടൂർണമെങ്കിൽ തകർത്തടിച്ചിരുന്ന ജാക്സ് 2023ൽ ടൂർണമെന്റിലെ ചാമ്പ്യൻമാരായ ഓവൽ ഇൻവിസിബിൾസ് താരമായിരുന്നു. 2022ൽ തന്നെ 3.2 കോടി നൽകി ജാക്സിനെ ആർ.സി.ബി വാങ്ങിയിരുന്നെങ്കിലും പരിക്ക് കാരണം കളത്തിൽ ഇറങ്ങിയിരുന്നില്ല. എന്നും ബുദ്ധി വൈകി ഉദിക്കുന്ന ആർ.സി.ബി താരത്തിന് പരിക്കില്ലായിരുന്നുവെങ്കിലും ഇറക്കുമായിരുന്നോ എന്നത് മറ്റൊരു കാര്യം.
ഈ വർഷമാദ്യം നടന്ന സൗത്ത് ആഫ്രിക്കൻ ട്വന്റി 20 ലീഗിൽ ജാക്സ് തിമിർത്തടിച്ചിരുന്നു. ഇതിന് പിന്നാലെ ജാക്സിനെ എങ്ങനെയെങ്കിലും എല്ലാ മത്സരത്തിലും കളത്തിലിറക്കണമെന്ന ഉപദേശം എ.ബി ഡിവില്ലേഴ്സ് ആർ.സി.ബിക്ക് നൽകിയിരുന്നു. പക്ഷേ ഫാഫ് ഡുെപ്ലസിസ്, െഗ്ലൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ എന്നിവർക്കൊപ്പം ഒരു വിദേശ ബൗളറും കൂടി ഉൾപ്പെട്ട ആർ.സി.ബി ലൈനപ്പിൽ ജാക്സിന് കാണിയുടെ റോളായിരുന്നു. ഒടുവിൽ ടീമിലിടം ഇടം ലഭിക്കാൻ കാരണമായത് െഗ്ലൻ മാക്സ് വെല്ലിന്റെ ഫോം ഔട്ടാണ്. മാക്സ് വെല്ലിനെപ്പോലെ സ്പിൻ ബോളെറിയാനും സാധിക്കുന്ന ജാക്സ് അഞ്ചുമത്സരങ്ങൾക്ക് ശേഷമാണ് ആർ.സി.ബി ജേഴ്സിയണിയുന്നത്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 32 പന്തിൽ നിന്നും 55 റൺസെടുത്ത് ജാക്സ് വരവറിയിച്ചു. അഞ്ചുപടുകൂറ്റൻ സിക്സറുകളും അന്നുപറത്തി.
ഇന്നോ നാളെയുമായി ട്വന്റി 20 ലോകകപ്പിന് ടീം പ്രഖ്യാപിക്കാനിരിക്കുന്ന ഇംഗ്ലണ്ട് സ്ക്വാഡിലേക്കുള്ള കസേര കൂടിയാണ് ഒരൊറ്റ മത്സരത്തിലൂടെ ജാക്സ് എടുത്തിട്ടത്.