ഏഷ്യാകപ്പിലെ റൺവേട്ട: സച്ചിനെ മറികടക്കുമോ രോഹിതും കോഹ്‌ലിയും
മൂന്നാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ
അഫ്ഗാനും ശ്രീലങ്കയും തമ്മിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തോടെ 2022ലെ ഏഷ്യാകപ്പ് ടൂർണമെൻറിൽ ആരവമുയരുകയാണ്. നിലവിൽ ടൂർണമെൻറിലെ ആദ്യ പത്ത് റൺവേട്ടക്കാരിലെ മൂന്നു താരങ്ങൾ ഇക്കുറിയും കളിക്കാനിറങ്ങുന്നുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുറഹീം എന്നിവരാണ് ആദ്യ പത്തിൽ നിന്ന് ഇക്കുറിയുമെത്തുന്നവർ. മൂന്നാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ. 23 മത്സരങ്ങളിൽ നിന്നായി 971 റൺസാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ സമ്പാദ്യം. ഈ റെക്കോർഡ് മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് കേവലം 88 റൺസ് കൂടി മതി. നിലവിൽ 27 മത്സരങ്ങളിൽ നിന്ന് 883 റൺസുമായി അഞ്ചാമതാണ് താരം. 16 മത്സരങ്ങളിൽ നിന്ന് 766 റൺസുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തൊട്ടുപിറകിലുണ്ട്. സച്ചിനെ മറികടക്കാൻ 205 റൺസാണ് ആറാം സ്ഥാനത്തുള്ള കോഹ്‌ലിക്ക് വേണ്ടത്.
മഹേന്ദ്രസിങ് ധോണിയാണ് റൺവേട്ടക്കാരുടെ പട്ടികയിലുള്ള മറ്റൊരു ഇന്ത്യക്കാരൻ. 24 മത്സരങ്ങളിൽ നിന്ന് 690 റൺസാണ് ക്യാപ്റ്റൻ കൂളിന്റെ സമ്പാദ്യം. പട്ടികയിൽ എട്ടാമതുള്ള ബംഗ്ലാദേശിന്റെ മുഷ്ഫിഖുറഹീം ഇക്കുറിയും ടൂർണമെൻറിനെത്തുന്നുണ്ട്. 26 മത്സരങ്ങളിൽ നിന്ന് 739 റൺസാണ് ബംഗ്ലാദേശിന്റെ ഈ വിക്കറ്റ് കീപ്പർ ബാറ്റർ അക്കൗണ്ടിൽ ചേർത്തിട്ടുള്ളത്.
25 മത്സരങ്ങളിൽ നിന്ന് 1220 റൺസുമായി ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് പട്ടികയിൽ ഒന്നാമത്. ശ്രീലങ്കയുടെ തന്നെ കുമാർ സങ്കക്കാരയാണ് രണ്ടാമത്. 24 മത്സരങ്ങളിൽ നിന്ന് 1075 റൺസാണ് അടിച്ചുകൂട്ടിയത്. പാകിസ്താന്റെ ഷുഐബ് മാലിക്കാണ് നാലാമത്. 21 മത്സരങ്ങളിൽ നിന്ന് 907 റൺസാണ് മാലിക്ക് നേടിയത്. ശ്രീലങ്കയു അർജുന രണതുംഗയാണ് പട്ടികയിലെ ഏഴാം സ്ഥാനക്കാരൻ. 19 മത്സരങ്ങളിൽ നിന്ന് 741 റൺസാണ് ശ്രീലങ്കയുടെ മുൻ നായകൻ നേടിയിരിക്കുന്നത്. ശ്രീലങ്കയുടെ തന്നെ മഹേല ജയവർധനെയാണ് ആദ്യ പത്തിലെ അവസാന താരം. 28 മത്സരങ്ങളിൽ നിന്ന് 674 റൺസാണ് ജയവർധനെ കണ്ടെത്തിയത്.
വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവർക്ക് പുറമേ ബാബർ അസം, ഭാനുക രജപക്‌സെ, ദസുൻ ശനുക, മുഹമ്മദ് റിസ്‌വാൻ എന്നീ താരങ്ങൾ ഉപ ഭൂഖണ്ഡത്തിലെ ടൂർണമെൻറിൽ ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഷ്യാകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരനെന്ന റെക്കോർഡ് സുരേഷ് റെയ്‌നയുടെ പേരിലാണ്. 2008 ൽ 372 റൺസാണ് റെയ്‌ന അടിച്ചുകൂട്ടിയത്. 74.40 ശരാശരിയിൽ 10.38 സ്‌ട്രൈക്ക് റൈറ്റോടെയായിരുന്നു നേട്ടം.
2008ൽ 378 റൺസ് സനത് ജയസൂര്യയുടെ (378) പേരിലാണ് ഒരു എഡിഷനിലെ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ്. 2012ൽ വിരാട് കോഹ്‌ലി -357, 2008ൽ വിരേന്ദർ സേവാഗ് -348, അതേവർഷം തന്നെ കുമാർ സംഗക്കാര -345 എന്നിങ്ങനെ റൺസ് നേടിയിട്ടുണ്ട്.
കടുത്ത പരിശീലനം നടത്തി വൻകരയിലെ ക്രിക്കറ്റ് ജേതാക്കളാകാൻ ഒരുങ്ങുന്ന ടീം ഇന്ത്യയുടെ ഫോട്ടോഷൂട്ടിന്റെ പിന്നണിക്കാഴ്ചകൾ ബി.സി.സി.ഐ പുറത്തുവിട്ടിരുന്നു. ടീമിലെ താരങ്ങളുടെ ഹെഡ്‌ഷോട്ട്‌സ് സെഷൻ സമയത്തെ കാഴ്ചകളടക്കമുള്ളവയാണ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവെച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരുടെയൊക്ക ഫോട്ടോ ഷൂട്ടുകൾ ദൃശ്യങ്ങളിലുണ്ട്.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. ദ്രാവിഡിന്റെ അഭാവത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും. സിംബാബ്‌വെക്കെതിരായ ഇന്ത്യൻ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28നാണ് മത്സരം.
പരിക്കിന്റെ പിടിയിലായിരുന്ന വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഫോമിലല്ലാത്ത കോഹ്ലി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2019 നവംബർ 23 നാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്. മൂന്ന് വർഷം പിന്നിട്ടിട്ടും താരത്തിന് ഒരു സെഞ്ച്വറി നേടാനാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഫോമിലല്ലാത്ത കോഹ്ലിക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യാ കപ്പ്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്‌നോയി, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ.
Will Rohit and Kohli overtake Sachin Tendulkar in Asia Cup run chase?