അടപടലം ഓസീസ്; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

കങ്കാരുക്കളുടെ തോൽവി 134 റൺസിന്

Update: 2023-10-12 16:24 GMT
Advertising

ലഖ്നോ: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആസ്ത്രേലിയക്ക് നാണംകെട്ട തോല്‍വി. 134 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കങ്കാരുക്കളെ തകര്‍ത്തത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 177 റണ്‍സിന് കൂടാരം കയറി. ഓസീസിനായി 46 റണ്‍സെടുത്ത മാര്‍നസ് ലബൂഷൈന്‍ മാത്രമാണ് പൊുരുതി നോക്കിയത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ ജേന്‍സണ്‍, കേശവ് മഹാരാജ് , തബ്രീസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച ക്വിന്‍ണ്‍ ഡീക്കോക്കാണ് കളിയിലെ താരം. 

നേരത്തേ  ടോസ് നേടിയ ആസ്‌ത്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍  ഡീക്കോക്ക് ഒരിക്കല്‍ കൂടി സെഞ്ച്വറിയുമായി കളംനിറഞ്ഞപ്പോള്‍  കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക കങ്കാരുക്കള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ അതിവേഗ സെഞ്ച്വറിയുമായി റെക്കോര്‍ഡ് കുറിച്ച എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറിയുമായി ഇന്നും ദക്ഷിണാഫ്രിക്കക്ക് മികച്ച സംഭാവന നല്‍കി. 

ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡീക്കോക്കും ക്യാപ്റ്റന്‍ ടെംപാ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബാവുമ പുറത്തായ ശേഷം ക്രീസിലെത്തിയ വാന്‍ഡര്‍ഡെനൊപ്പം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ച ഡീക്കോക്ക് 106 പന്തില്‍ സെഞ്ച്വറി കുറിച്ചു. ഡീക്കോക്ക് പുറത്തായ ശേഷം  ക്രീസിലെത്തിയ എയ്ഡന്‍ മാര്‍ക്രം കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 44 പന്ത് നേരിട്ട മാര്‍ക്രം ഏഴ് ഫോറിന്‍റേയും ഒരു സിക്സിന്‍റേയും അകമ്പടിയില്‍ 56 റണ്‍സ് നേടി. പിന്നീട് മാര്‍കോ ജേന്‍സണും ഡേവിഡ് മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 300 കടത്തി. 

ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങിയത്. കാമറൂൺ ഗ്രീനിന് പകരം മാർക്കസ് സ്റ്റോയിനിസ് ഓസീസ് ടീമിലിടം നേടിയപ്പോള്‍ മറുവശത്ത് ദക്ഷിണാഫ്രിക്കൻ നിരയിൽ ജെറാൾഡ് കോയെട്സിക്ക് പകരം സ്പിന്നർ തബ്റൈസ് ഷംസി ഇടം പിടിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News