ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ആദ്യ മത്സരം ഇംഗ്ലണ്ട് - ന്യൂസിലൻഡ്
12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്.
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടന മത്സരം.
12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാവുന്നത്. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന അഹമ്മദാബാദില നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ആദ്യ മത്സരം. ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ആവേശ മത്സരത്തിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. കഴിഞ്ഞ ഫൈനലിലേറ്റ തോൽവിക്ക് ഇംഗ്ലണ്ടിനോട് പകരം വീട്ടാനാവും ന്യൂസിലാൻഡ് ഇന്നിറങ്ങുക. ജോസ് ബട്‌ലറും സംഘവും കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ മത്സരം കനക്കും.
ഒക്ടോബർ എട്ടിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും ഒന്നാം റാങ്കിലുള്ള ഇന്ത്യ നാട്ടിലെ ലോകകപ്പിൽ മുത്തമിടാനാവുമെന്ന പ്രതീക്ഷയിലാണ്.