ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെ ആണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആസ്‌ത്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. നാല് സീമർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. രവിചന്ദ്ര അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജയെ ആണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അശ്വിൻ മാച്ച് വിന്നറാണെന്നും താരത്തെ പുറത്തിരുത്തേണ്ടി വരുന്നത് കഠിനമായ കാര്യമാണെന്നും രോഹിത് പറഞ്ഞു.
പേസ് ബൗളർമാർക്ക് അനൂകൂലമായ പിച്ചാണ് ഓവലിലേത്. 14 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓവലിൽ കളിച്ചത്. ഇതിൽ രണ്ട് മത്സരങ്ങളിലാണ് ജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങൾ സമനിലയിലാണ്. രണ്ട് മത്സരങ്ങൾ ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ആസ്‌ത്രേലിയ ഓവലിൽ 38 മത്സരങ്ങൾ കളിച്ചപ്പോൾ ഏഴ് മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. 17 മത്സരങ്ങളിൽ പരാജയപ്പെട്ടു. 14 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ് ലി, അജിങ്ക്യ രഹാനെ, ശ്രികർ ഭരത്, രവീന്ദ്ര ജഡേജ, ശ്രദുൽ ഠാക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ടീം ആസ്‌ത്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, മാർണസ് ലബുസ്ചാഗ്നെ, സ്റ്റീവൻ സ്മിത്ത്, ത്രാവിസ് ഹെഡ്, കാമെറൂൺ ഗ്രീൻ, അലക്‌സ് കാരെ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്, നതാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്.