'അതിന് ഞാൻ വീട്ടിൽ അല്ല ഇരിക്കുന്നത്', ഇടക്കിടെ തഴയുന്നതിൽ പ്രതികരണവുമായി ചഹൽ
ഒരു കാലത്ത് ചഹലിലെ മാറ്റി നിർത്തിയൊരു ഏകദിന- ടി20 മത്സരം സാധ്യമല്ലായിരുന്നു.
ഗയാന: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരയി ആദ്യ മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും ഇന്ത്യയുടെ വൈറ്റ് ബോൾ മത്സരങ്ങളിൽ സ്പിന്നർ യൂസ്‌വേന്ദ്ര ചാഹൽ സുരക്ഷിത സ്ഥാനത്ത് അല്ല. ഒരു കാലത്ത് ചഹലിലെ മാറ്റി നിർത്തിയൊരു ഏകദിന- ടി20 മത്സരം സാധ്യമല്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല സ്പിന്നർമാരായി ഇന്ത്യക്ക് ഒത്തിരി ഓപ്ഷനുകൾ ഉണ്ട്. കുൽദീപ് യാദവുമൊത്തുള്ള ചഹലിന്റെ സഖ്യം അന്ന് ഹിറ്റായിരുന്നു.
ഇപ്പോഴിതാ സ്ഥിരമായി ഇന്ത്യൻ ടീമിൽ വരാത്തതിനക്കുറിച്ച് ചഹൽ അഭിപ്രായം പറഞ്ഞിരിക്കുന്നു. കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പമുണ്ടെന്നാണ് ചഹൽ പറയുന്നത്. 'ടീം ഘടനയാണ് പ്രധാനം. സ്പിൻ സൗഹൃദ പിച്ചാണെങ്കിൽ മൂന്ന് സ്പിന്നർമാരെയാണ് കളിപ്പിക്കുക. കുൽദീപ് യാദവ് ഇപ്പോൾ നന്നായി പന്ത് എറിയുന്നുണ്ട്. അദ്ദേഹം താളം കണ്ടെത്തുന്നതിലാണ് ടീം പിന്തുണക്കുന്നത്'-ചഹൽ പറഞ്ഞു.
കഴിഞ്ഞ രണ്ടോ മൂന്നോ പരമ്പരകളിൽ ഞാൻ കളിച്ചില്ലായിരുന്നു. കുറച്ച് മുമ്പ് വെസ്റ്റ്ഇൻഡീസിലും ഇംഗ്ലണ്ടിലുമൊക്കെ ഞാൻ ടീമിന്റെ ഭാഗമായിരുന്നു അന്ന് കുൽദീപ് ഇല്ലായിരുന്നു. ചഹൽ പറഞ്ഞു. വെസ്റ്റ്ഇൻഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിൽ ചഹലിന് ഇന്ത്യൻ ടീമിൽ അവസം ലഭിച്ചിരുന്നില്ല. എന്നാൽ കളിച്ചില്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പം ഉണ്ട് എന്നത് തന്നെ ഭാഗ്യമാണെന്ന് ചഹൽ പറഞ്ഞു.
'വീട്ടിൽ അല്ല ഞാൻ ഇരിക്കുന്നത്, ഇന്ത്യൻ ടീമിനൊപ്പമാണ്. എല്ലാ ദിവസവും ഇന്ത്യൻ ജേഴ്‌സിയണിയുക എന്നത് തന്നെ സന്തോഷമാണ്. ടീമിനൊപ്പം യാത്ര ചെയ്യുന്നു. ഞാൻ ചെസ് കളിച്ചിട്ടുണ്ട്. അതൊരു വ്യക്തികേന്ദ്രീകൃത മത്സരമാണ്, എന്നാൽ ക്രിക്കറ്റ് അങ്ങനെയല്ല, സന്ദർഭങ്ങളും സാഹചര്യങ്ങളുമൊക്കെ വന്നാൽ മാത്രമെ അന്തിമ ഇലവനിൽ ഇടംനേടാനാകൂ'- ചഹൽ പറഞ്ഞു. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഗയാനയിൽ നടക്കും. ആദ്യ മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു.