'പാക് സെലക്ടമാർക്ക് തെറ്റിയില്ല, മാലിക് അക്കാര്യം തെളിയിച്ചു': സഹീർ ഖാൻ
സമ്മര്‍ദ ഘട്ടങ്ങളില്‍ ക്ഷമയോടെ ബാറ്റുചെയ്യുകയെന്നത് ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യാണ്, മാലിക് ന്യൂസിലാന്‍ഡിനെതിരെ അക്കാര്യം തെളിയിച്ചുവെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുതിര്‍ന്ന താരം ഷുഹൈബ് മാലിക്കിനെ പുകഴ്ത്തി ഇന്ത്യയുടെ മുന്‍ താരം സഹീര്‍ ഖാന്‍. സമ്മര്‍ദ ഘട്ടങ്ങളില്‍ ക്ഷമയോടെ ബാറ്റുചെയ്യുകയെന്നത് ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്, മാലിക് ന്യൂസിലാന്‍ഡിനെതിരെ അക്കാര്യം തെളിയിച്ചുവെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു.
'ഷുഹൈബ് മാലിക്കിനെപ്പോലുള്ള സീനിയർ താരങ്ങൾ ഇപ്പോഴും കളിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിക്കാറുണ്ട്. ഇതു തന്നെയാണ് അതിനുള്ള ഉത്തരവും. ഇത്തരം സാഹചര്യങ്ങളിൽ സമ്മർദമില്ലാതെ എങ്ങനെ കളിക്കാമെന്നത് അവർക്കറിയാം. അവർ അക്ഷമരാകില്ല, സമ്മർദ ഘട്ടങ്ങളില്‍ ക്ഷമയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാലിക്കിനെ അവസാന നിമിഷമാണ് ടീമിൽ ഉൾപ്പെടുത്തിയത്'- ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തില്‍ സഹീര്‍ ഖാന്‍ പറഞ്ഞു.
ബൗളർമാർക്ക് മുൻതൂക്കം ലഭിച്ച പിച്ചിൽ പാകിസ്താൻ മൂന്നിന് 63 എന്ന നിലയിൽ പരുങ്ങുമ്പോഴാണ് മാലിക് ക്രീസിലെത്തിയത്. പന്തിനെ ക്ഷമയോടെ നേരിട്ട മാലിക് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 20 പന്തിൽ നിന്ന് രണ്ട് ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടെ 26 റൺസാണ് മാലിക് നേടിയത്. താരത്തെ പുറത്താക്കാനും ന്യൂസിസ ആയില്ല. പരിക്കേറ്റ ഷുഹൈബ് മഖ്‌സൂദിന് പകരക്കാരനായി അവസാന നിമിഷമാണ് മാലിക്ക് 15 അംഗ ടീമില്‍ ഇടം നേടിയത്. ടി20 ലോകകപ്പിലെ ടീമിന്റെ രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിന്റെ 135 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ മറികടക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത പാക് ബൗളർമാർ എതിരാളികളെ 134 റൺസിൽ ഒതുക്കുകയായിരുന്നു. ന്യൂസിലാൻഡിന് എട്ടുവിക്കറ്റ് നഷ്ടമായി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ന്യൂസിലാൻഡ് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.