'നീയാണ് എന്‍റെ കരിയർ നശിപ്പിച്ചത്'; കോഹ്ലിയോട് സഹീർ ഖാൻ

2014ൽ ന്യൂസിലൻഡിനെതിരെ അവരുടെ മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു സഹീർ ഖാന്റെ അവസാന രാജ്യാന്തര മത്സരം

Update: 2023-07-27 11:39 GMT
Editor : Shaheer | By : Web Desk

വിരാട് കോഹ്ലിയും സഹീര്‍ ഖാനും

Advertising

ന്യൂഡൽഹി: ലക്ഷണമൊത്തൊരു പേസ് ബൗളർക്കു വേണ്ടിയുള്ള ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പിന് ഒരുപക്ഷെ അന്ത്യംകുറിച്ചത് സഹീർ ഖാനിലൂടെയാകും. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ഒരുകാലത്ത് സഹീർ. സഹീറിന്റെ പിന്തുടർച്ചക്കാരായി എത്തിയ ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങിയ വലിയൊരു നിര ഇന്ത്യൻ ബൗളിങ്ങിനെ ലോകോത്തര നിലവാരത്തിലേക്കുയർത്തി. ഏറ്റവുമൊടുവിൽ മുഹമ്മദ് സിറാജ് എന്ന തീപ്പൊരു പേസറിലെത്തിനിൽക്കുകയാണ് ഇന്ത്യൻ ബൗളിങ് പെരുമ.

സൗരവ് ഗാംഗുലിയുടെ വിശ്വസ്തനായിരുന്ന സഹീർ ഖാൻ രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുൽക്കർ, എം.എസ് ധോണി എന്നീ ക്യാപ്റ്റന്മാരുടെയെല്ലാം തുറുപ്പുചീട്ടായിരുന്നു. വിരാട് കോഹ്ലി ക്യാപ്റ്റൻസി ഏറ്റെടുക്കുംമുൻപ് തന്നെ താരം കളംവിട്ടു.

വിരാട് കോഹ്ലിയുമായി ബന്ധപ്പെട്ടൊരു രസകരമായൊരു അനുഭവം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു സഹീറും ഇശാന്ത് ശർമയും. ജിയോ സിനിമയിൽ ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ് കമന്ററിക്കിടെയായിരുന്നു ഇത്. താനെന്റെ കരിയർ നശിപ്പിച്ചെന്ന് സഹീർ കോഹ്ലിയോട് കയർത്ത സംഭവമാണ് ഇശാന്ത് ശർമ ഓർത്തെടുത്തത്. 2014ൽ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിനിടെയായിരുന്നു ഇത്. ഇശാന്തിന്റെ വാക്കുകളിൽ:

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറിയുമായി ഇന്ത്യൻ ബൗളർമാരെ കിവീസ് നായകൻ ബ്രെൻഡൻ മക്കല്ലം ശരിക്കും കുഴക്കിയ ദിവസങ്ങളായിരുന്നു അത്. ഇതിനിടയിലാണ് സഹീർ ഖാന്റെ പന്തിൽ മക്കല്ലത്തിന്റെ ക്യാച്ച് കോഹ്ലി നിലത്തിട്ടത്. ലഞ്ചിനു പിരിഞ്ഞ സമയത്ത് കോഹ്ലി സഹീറിന്റെ അടുത്തെത്തി 'സോറി' പറഞ്ഞു. 'അതു കാര്യമാക്കേണ്ട, അവനെ നമ്മൾ ഉടൻ പുറത്താക്കും'; സഹീറിന്റെ മറുപടി. എന്നാൽ, ചായയ്ക്കു പിരിയുമ്പോഴും തലവേദനയായി ക്രീസിൽ നിലയുറപ്പിച്ചുനിൽക്കുകയായിരുന്നു മക്കല്ല.

ഇത്തവണ വീണ്ടും കോഹ്ലി സഹീറിന്റെ അടുത്തെത്തി ക്ഷമചോദിച്ചു. അപ്പോഴും ആദ്യത്തെ മറുപടി തന്നെ പേസർ ആവർത്തിച്ചു. എന്നാൽ, മൂന്നാം ദിനം ചായയ്ക്കു പിരിഞ്ഞിട്ടും മക്കല്ലത്തെ പുറത്താക്കാനാകാതെ ഇന്ത്യൻ ബൗളർമാർ കുഴങ്ങുകയായിരുന്നു. വീണ്ടും ക്ഷമാപണവുമായി കോഹ്ലി സഹീറിന്റെ അടുത്തെത്തി. എന്നാൽ, ഇത്തവണ പ്രതികരണം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ''താനെന്റെ കരിയർ നശിപ്പിച്ചു''; കടുത്ത സ്വരത്തിൽ സഹീർ.

എന്നാൽ, ഇശാന്ത് ശർമയുടെ വാദം സഹീർ തള്ളി. താൻ കോഹ്ലിയോട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം വാദിച്ചു. സംഭവത്തെക്കുറിച്ച് സഹീറിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: ''(ഇങ്ങനെ ട്രിപ്പിൾ അടിച്ചത്) രണ്ടു താരങ്ങളേയുള്ളൂവെന്നാണ് ഞാൻ കോഹ്ലിയോട് പറഞ്ഞത്. ഒന്ന്, കിരൺ മോറെ ക്യാച്ച് വിട്ട ശേഷം ട്രിപ്പിൾ സെഞ്ച്വറി അടിച്ച ഗ്രഹാം കൂച്ച് ആണ് ഒരാൾ. കോഹ്ലി ക്യാച്ച് വിട്ട ശേഷം ഇപ്പോഴിതാ മറ്റൊരാൾ(മക്കല്ലം) ട്രിപ്പിൾ അടിച്ചിരിക്കുന്നു. അങ്ങനെ പറയരുതെന്നായിരുന്നു കോഹ്ലിയുടെ മറുപടി. ഞാൻ പറഞ്ഞത് കോഹ്ലിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.''

വെല്ലിങ്ടണിൽ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു ഈ സംഭവം. മത്സരത്തിൽ അഞ്ചു വിക്കറ്റ് കൊയ്ത സഹീർ തന്നെ പിന്നീട് മക്കല്ലത്തിന്റെ കുതിപ്പ് അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, സഹീർ ഖാന്റെ അവസാന ടെസ്റ്റ് പരമ്പര കൂടിയായി ഇത്.

Summary: Zaheer Khan told Virat Kohli 'you've ended my career': Ishant Sharma recalls untold story of series against New Zealand 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News