''കോഹ്ലിയുടെ പിറന്നാൾ ഇന്നായത് ഭാഗ്യം, നാളെയായില്ലല്ലോ...''- സിംബാബ്‍വേ ക്യാപ്റ്റന്‍

''ഇന്ത്യയുടെ മികച്ച ബാറ്റിങ് നിരക്കെതിരെ ഞങ്ങളുടെ ബൗളര്‍മാര്‍ തിളങ്ങുമെന്ന് ഉറപ്പുണ്ട്''

Update: 2022-11-05 14:42 GMT
Advertising

മെല്‍ബണ്‍: ടി.20 ലോകകപ്പിൽ നാളെ ഇന്ത്യ സിംബാബ്‍വേയെ നേരിടാൻ ഒരുങ്ങുകയാണ്. സെമി പ്രവേശനത്തിന് ഇന്ത്യക്ക് വിജയം അനിവാര്യമാണ്. പരാജയപ്പെട്ടാൽ പാകിസ്താൻ ബംഗ്ലാദേശ് മത്സരം നിർണ്ണായകമാവും. പാകിസ്താൻ ജയിച്ചാൽ മികച്ച റൺ റേറ്റ് സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കും. നിലവിൽ മികച്ച റൺ റേറ്റ് പാകിസ്താനാണ്.

ഇന്ത്യക്കെതിരായ മത്സരത്തെക്കുറിച്ച് വലിയ ആശങ്കയില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ സിംബാബ്‍വേ ക്യാപ്റ്റന്‍ ക്രൈഗ് എർവിൻ. വിരാട് കോഹ്ലിയടക്കം ലോകത്തെ മുൻനിര ബാറ്റർമാർക്കെതിരെ പന്തെറിയാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണെന്ന് സിംബാബ്‍വേ ക്യാപ്റ്റൻ പറഞ്ഞു.

''ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിയാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമാണ്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവരെ പോലെ വലിയ ബാറ്റിങ് നിരയുള്ള  ഇന്ത്യന്‍ ടീമിനെതിരായ പോരാട്ടത്തിനായി കിട്ടിയ അവസരം ടീം ആസ്വദിക്കും.  ഞങ്ങളുടെ  ബൗളര്‍മാര്‍ തിളങ്ങുമെന്ന് ഉറപ്പുണ്ട്.''- എര്‍വിന്‍ പറഞ്ഞു

ഇന്ന് 34 വയസ്സ്  തികഞ്ഞ വിരാട്‍ കോഹ്‍ലിയെ എങ്ങിനെ നേരിടാന്‍ പോകുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രസകരമായൊരു മറുപടിയാണ് സിംബാബ്‍വേ ക്യാപ്റ്റന്‍ നല്‍കിയത്. ''കോഹ്‍ലിയുടെ ജന്മദിനം ഇന്നായത് ഭാഗ്യം.. അത് നാളെയായില്ലല്ലോ..'' എന്നായിരുന്നു എര്‍വിന്‍റെ മറുപടി. പിറന്നാള്‍ ദിനം കോഹ്ലി കൂടുതല്‍ മികച്ച ഇന്നിങ്‌സ് കളിക്കുമായിരുന്നു എന്ന അര്‍ഥത്തിലായിരുന്നു എര്‍വിന്‍റെ പ്രതികരണം. നാളെ മെല്‍ബണിലാണ് ഇന്ത്യ-സിംബാബ്‍വേ പോരാട്ടം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News