രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കറിയയുടെ അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചു
ചേതന് ഐപിഎല്ലിൽ നിന്ന് ഇതുവരെ കിട്ടിയ മുഴുവൻ സമ്പാദ്യവും അച്ഛന്‍റെ കോവിഡ് ചികിത്സാ ചെലവിന് കൈമാറിയിരുന്നു
തനിക്ക് ഐപിഎല്ലിൽ നിന്ന് കിട്ടിയ മുഴുവൻ സമ്പാദ്യവും അച്ഛന്‍റെ കോവിഡ് ചികിത്സാ ചെലവിന് നൽകിയിട്ടും രാജസ്ഥാൻ റോയൽസ് താരം ചേതൻ സക്കറിയയുടെ അച്ഛൻ വിടവാങ്ങി. ഐപിഎല്ലിൽ നടത്തിയ മികച്ച പ്രകടനത്തിൽ മകനെ ഒന്ന് ചേർത്ത് പിടിച്ചു അഭിനന്ദിക്കാൻ പോലും കോവിഡ് ചേതന്‍റെ പിതാവിനെ അനുവദിച്ചില്ല.
ചേതന്‍റെ അച്ഛൻ കഞ്ചിഭായിയെ കഴിഞ്ഞയാഴ്ചയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനം മൂലം ഐപിഎല്ലിലെ ബാക്കി മത്സങ്ങൾ നിർത്തിവച്ചതോടെ നാട്ടിലെത്തിയ ചേതൻ സക്കറിയ കഴിഞ്ഞ ദിവസം അച്ഛനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
നേരത്തെ തനിക്ക് ഐപിഎല്ലിൽ നിന്ന് കിട്ടേണ്ട് പ്രതിഫലം തന്നതിന് രാജസ്ഥാൻ റോയൽസിനോട് നന്ദി പറഞ്ഞു ചേതൻ സക്കറിയ രംഗത്ത് വന്നിരുന്നു. ആ പണം ഉപയോഗിച്ചാണ് താൻ അച്ഛന്റെ ചികിത്സാ ചെലവുകൾ നോക്കുന്നതെന്നും ചേതൻ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലാണ് തനിക്ക് എല്ലാം തന്നതെന്നും ടെമ്പോ ഓടിച്ചാണ് തന്റെ അച്ഛൻ ഇതുവരെ കുടുംബം നോക്കിയതെന്നും ചേതൻ പറഞ്ഞിരുന്നു. അതിനിടയാണ് അച്ഛന്‍റെ മരണം.
ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച ഫാസ്സ് ബോളർമാരിൽ ഒരാളായ ഗുജറാത്ത് സ്വദേശിയായ ചേതനെ 1.2 കോടിക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.