ഗോളിക്ക് ഒരവസരവും കൊടുത്തില്ല! ക്രിസ്റ്റ്യാനോയുടെ ഫ്രീ കിക്ക് ഗാലറിയില്‍; വീഡിയോ വൈറല്‍
ക്രിസ്റ്റ്യാനോ കരിയറിലെടുത്ത ഏറ്റവും മോശം ഫ്രീകിക്കെന്നാണ് ആരാധകരില്‍ ചിലര്‍ ഈ കിക്കിനെ കുറിച്ച് ട്വീറ്റ് ചെയ്തത്
ജിദ്ദ: സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനെതിരെയുള്ള തോൽവിക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ഇത്തിഹാദ് വിജയിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോക്ക് ടീമിനായി വലിയ സംഭാവനകളൊന്നും നല്‍കാനായിരുന്നില്ല. തോല്‍വിയോടെ പോയിന്റ് പട്ടികയിൽ 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ഇത്തിഹാദ് ഒന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ് സൂപ്പര്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുത്തത്. ഇത്രയും മത്സരങ്ങളിൽനിന്ന് 46 പോയിന്റോടെ അൽ നസ്ർ രണ്ടാമതാണ്.
മത്സരത്തില്‍ ക്രിസ്റ്റ്യാനോ എടുത്ത ഒരു ഫ്രീ കിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. പെനാല്‍ട്ടി ബോക്സിന് പുറത്ത് വച്ച് മത്സരത്തിന്‍റെ 55 ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് പോസ്റ്റിന് വെളിയിലേക്ക് താരം അടിച്ച് കളയുകയായിരുന്നു. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഫ്രീ കിക്കെടുക്കാനായി നിന്ന ശേഷം കിക്കെടുത്ത താരത്തിന്‍റെ ഷോട്ട് പോസ്റ്റില്‍ നിന്ന് ഏറെ അകലത്തില്‍ സഞ്ചരിച്ച് ഗ്യാലറിയിലാണ് ചെന്ന് പതിച്ചത്. ക്രിസ്റ്റ്യാനോ കരിയറിലെടുത്ത ഏറ്റവും മോശം ഫ്രീകിക്കെന്നാണ് ആരാധകരില്‍ ചിലര്‍ ഈ കിക്കിനെ കുറിച്ച് ട്വീറ്റ് ചെയ്തത്.
മത്സരത്തിലെ തോല്‍വിക്ക് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ കളി കഴിഞ്ഞു കളം വിടവെ കുമ്മായവരയ്ക്ക് പുറത്തു വച്ചിരുന്ന വെള്ളക്കുപ്പികള്‍ കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു. എതിർ കാണികൾ മെസ്സി... മെസ്സി... എന്നു വിളിച്ച് പരിഹസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഈ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഫലത്തിൽ നിരാശനാണ് എന്നും സീസണിലെ അടുത്ത മത്സരങ്ങളിലാണ് ശ്രദ്ധയെന്നും റൊണാൾഡോ പിന്നീട് ട്വീറ്റു ചെയ്തു. ആരാധകർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ എട്ടു ഗോളുകളാണ് റോണോയുടെ സമ്പാദ്യം.