''മേജര്‍ ലീഗ് സോക്കറിനേക്കാള്‍ എത്രയോ മികച്ചതാണ് സൗദി ലീഗ്''- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യൂറോപ്പ്യൻ ഫുട്‌ബോളിലേക്ക് താൻ ഇനി മടങ്ങിയെത്തില്ലെന്ന് ക്രിസ്റ്റ്യാനോ
യൂറോപ്പ്യൻ ഫുട്‌ബോളിലേക്ക് താൻ ഇനി മടങ്ങിയെത്തില്ലെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആ വാതിലുകൾ പൂർണമായും അടഞ്ഞെന്നും യൂറോപ്പ്യൻ ഫുഡ്‌ബോളിന് അതിന്റെ പല ഗുണങ്ങളും നഷ്ടപ്പെട്ട് കഴിഞ്ഞെന്നും ക്രിസ്റ്റിയാനോ പറഞ്ഞു. ഒരു പോർച്ചുഗീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റിയാനോ മനസ്സു തുറന്നത്.
''എനിക്ക് 38 വയസ്സായി. യൂറോപ്പ്യൻ ഫുട്‌ബോളിലേക്ക് ഇനിയൊരു മടക്കമില്ല. ആ വാതിലുകൾ പൂർണമായും അടഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് മറന്നേക്കൂ. യൂറോപ്പ്യൻ ഫുട്‌ബോളിന് അതിന്റെ പലഗുണങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞു. സൗദി ലീഗിലേക്ക് ഞാനൊരു വഴി തുറന്നു. ഇപ്പോഴിതാ മറ്റു താരങ്ങളും ഇങ്ങോട്ടെത്തുന്നു. മേജർ ലീഗ് സോക്കറിനേക്കാൾ എത്രയോ മികച്ചതാണ് സൗദി പ്രൊ ലീഗ്''- ക്രിസ്റ്റ്യാനോ പറഞ്ഞു.
സൗദി ലീഗിൽ ചേർന്നതിന് പലരും തന്നെ വിമർശിച്ചെന്നും എന്നാലിപ്പോൾ കാര്യങ്ങൾ മാറിയെന്നും താരം കൂട്ടിച്ചേർത്തു. ''സൗദി ക്ലബ്ബിൽ ചേരുകയെന്ന എന്റെ തീരുമാനം നിർണായകമായിരുന്നു. ഞാൻ യുവന്റസിൽ ചേരുന്നത് വരെ സീരി എ. നിർജീവമായിക്കിടക്കുകയായിരുന്നു. എന്നാൽ എന്റെ സൈനിങ്ങിന് ശേഷം ലീഗ് സജീവമായി. ക്രിസ്റ്റ്യാനോ എവിടെ പോവുന്നോ അവിടെയൊക്കെ അയാള്‍ ജനപ്രിയനാകുന്നു ''- താരം പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബായ അല്‍ നസ്റ്ലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്റുമായുള്ള കരാറിന് രണ്ടര വർഷത്തെ കാലാവധിയാണുള്ളത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ച പരസ്യപ്രതികരണത്തെ തുടര്‍ന്ന് മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോയുടെ വരവിന് പിന്നാലെ യൂറോപ്പിലെ നിരവധി പ്രമുഖ താരങ്ങളും സൌദി ക്ലബ്ബുകളിലെത്തി. നിലവിലെ ബാലന്‍ദ്യോര്‍ ജേതാവും ഫ്രഞ്ച് സൂപ്പര്‍ താരവുമായ കരീം ബെന്‍സേമ, എംഗോളോ കാന്‍റെ, റോബര്‍ട്ടോ ഫെര്‍മീന്യോ, റൂബന്‍ നേവസ്, എഡ്വേര്‍ഡ് മെന്‍ഡി തുടങ്ങി ആ നിര നീണ്ട് പോവുകയാണ്.