റഫറിയുടെ ഹാഫ് ടൈം വിസിൽ; ദേഷ്യത്തിൽ പന്ത് പുറത്തേക്കടിച്ച് റോണോ, മഞ്ഞക്കാർഡ്
അല്‍ നസ്‍റിനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാവാതെ ക്രിസ്റ്റ്യാനോ
റിയാദ്: അൽ നസ്ർ കരിയറിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ യെല്ലോ കാർഡ്. കഴിഞ്ഞ ദിവസം കിങ്‌സ് കപ്പ് ക്വാർട്ടർ ഫൈനലിൽ അബ്ഹക്കെതിരായ പോരാട്ടത്തിനിടയിലായിരുന്നു റോണോ മഞ്ഞക്കാർഡ് കണ്ടത്.
മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ സൂപ്പര്‍ താരം പന്തുമായി ഗോൾമുഖം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ റഫറി ആദ്യ പകുതി അവസാനിപ്പിച്ച് കൊണ്ടുള്ള വിസിൽ മുഴക്കി. ഇതിൽ ക്ഷുഭിതനായ താരം പന്ത് കൈ കൊണ്ട് എടുത്ത് അടിച്ചു കളയുകയായിരുന്നു. ഉടൻ തന്നെ റഫറി റോണോക്ക് നേരെ മഞ്ഞക്കാർഡ് ഉയർത്തി.
മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അബ്‍ഹയെ തകര്‍ത്ത അല്‍ നസര്‍ കിങ്സ് കപ്പ് സെമിയില്‍ കടന്നു. സമി അൽ നജ്ൽ, അബ്ദുല്ല അൽ ഖൈബരി, മുഹമ്മദ് മറാൻ എന്നിവരാണ് അൽ നസ്‌റിനായി ഗോൾ വലകുലുക്കിയത്. ടീമിനായി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോക്ക് ഗോള്‍ കണ്ടെത്താനായില്ല.