ഒരേയൊരു റോണോ; ക്രിസ്റ്റ്യാനോയുടെ 'ഫെര്‍ഗീ ടൈം' ഗോളില്‍ മാഞ്ചസ്റ്ററിന് വിജയം

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം.

Update: 2021-09-30 02:37 GMT
Advertising

ഓൾഡ് ട്രാഫോഡ് സാക്ഷി, ഗ്യാലറിയില്‍ നിറഞ്ഞ ആര്‍പ്പുവിളികള്‍ സാക്ഷി, ഇന്‍ജുറി ടൈമിലെ അവസാന മിനുട്ടില്‍ മാഞ്ചസ്റ്ററിന്‍റെ രക്ഷകന്‍ അവതരിച്ചു. സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ ചുവന്ന ചെകുത്താന്മാരുടെ 'ഫെര്‍ഗീ ടൈം' തിരിച്ചുവരവ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ജയം. എക്സ്ട്രാ ടൈമിന്‍റെ അവസാന മിനുട്ടില്‍ ക്രിസ്റ്റ്യാനോ റോണാൾഡോ നേടിയ ഗോളിലൂടെയാണ് യുണൈറ്റഡിന്‍റെ ജയം.

ലീഗിലെ മുന്നോട്ടുള്ള കുതിപ്പിന് വിജയം അനിവാര്യമായിരുന്ന മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് കൊണ്ട് ആദ്യം മുന്നിലെത്തിയത് വിയ്യാറയലാണ്. അത്ര നല്ല തുടക്കമായിരുന്നില്ല യുണൈറ്റഡിന് ലഭിച്ചത്. ആദ്യ പകുതിയിൽ യുണൈറ്റഡിനെ വിയ്യാറയൽ വട്ടം കറക്കുന്ന കാഴ്ചക്കാണ് ഓള്‍ഡ് ട്രഫോര്‍ഡ് സാക്ഷിയായത്. പോഗ്ബയെയും മക്ടോമിനെയെയും മധ്യനിരയിൽ ഇറക്കിയ യുണൈറ്റഡിന് പക്ഷേ മൈതാനമധ്യത്ത് കളി നിയന്ത്രിക്കാനായില്ല. ബാറിന് കീഴില്‍ ഡേവിഡ്‌ ഡെ ഹെയയുടെ അത്ഭുത പ്രകടനം ഇല്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ നാലോ അഞ്ചോ ഗോളുകൾ എങ്കിലും വഴങ്ങിയേനെ. ആദ്യ പകുതിയില്‍ തന്നെ നാലു ഗംഭീര സേവുകൾ ആണ് ഡി ഹിയ നടത്തിയത്. ബോക്സിലേക്ക് പലതവണ നീക്കം നടത്തിയ അൽ കാസറും ഡെഞ്ചുമയും നിരവധി അവസരങ്ങളാണ് പാഴാക്കിയത്.

രണ്ടാം പകുതിയുടെ ആദ്യം തന്നെ വിയ്യാറയലിന്‍റെ ഗോൾ വന്നു. 53ആം മിനുട്ടിൽ അൽകാസർ ആണ് യുണൈറ്റഡിനെ ഞെട്ടിച്ച് വലകുലുക്കിയത്. ഗോൾ സ്കോർ ചെയ്തത്. ഡഞ്ചുമ കൊടുത്ത പാസ് അൽ കാസർ വലയിലേക്ക് കോരിയിടുകയായിരുന്നു. വിയ്യാറയൽ അർഹിച്ചിരുന്ന ഗോള്‍. അധികം വൈകാതെ അലക്സ് ടെലസ്സിയിലൂടെ മാഞ്ചസ്റ്റര്‍ സമനില പിടിച്ചു. 60ആം മിനുട്ടിലെ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു യുണൈറ്റഡ് സമനില കണ്ടെത്തിയത്. പെനാല്‍റ്റി ബോക്സിന് പുറത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന അലക്സ് ടെല്ലസിന് ബ്രൂണോ ഫ്രീകിക്കിലൂടെ പന്തെത്തിച്ചു. ഞെൊടിയിടിയില്‍ ടെല്ലസിന്‍റെ ഇടം കാലൻ വോളി വിയ്യറയലിന്‍റെ വലയിൽ പതിച്ചു. സ്കോർ 1-1.

കളി സമനിലയിലെത്തിയ ശേഷം കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിട്ടത് യുണൈറ്റഡ് തന്നെയായിരുന്നു. ഒടുവില്‍ കളിയുടെ 95ആം മിനുട്ടിൽ കവാനി തുടങ്ങി വെച്ച അറ്റാക്ക് റൊണാൾഡോയുടെ കാലുകളില്‍ എത്തി. പന്ത് റൊണാൾഡോ ലിംഗാർഡിന് കൈമാറുകയും ലിംഗാര്‍ഡ് തിരികെ റൊണാൾഡോക്ക് തന്നെ മറിച്ചുകൊടുക്കുകയും ചെയ്തു. ബോള്‍ കാലിലെത്തിയ റൊണാൾഡോക്ക് ലക്ഷ്യം തെറ്റിയില്ല. മാഞ്ചസ്റ്റര്‍ ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഫെര്‍ഗീ ടൈം' ഗോള്‍. ഗ്യാലറിയില്‍ ആവേശം അണപൊട്ടി. പതിവു പോലെ ജേഴ്സിയൂരിയെറിഞ്ഞ് റോണോയുടെ ആഹ്ലാദ പ്രകടനം. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News