ഷാകിബ്- ഷാന്‍റോ ഷോ...; ഡൽഹിയിൽ ബംഗ്ലാദേശിന്റെ ലങ്കാ ദഹനം

ബംഗ്ലാദേശിന്‍റെ ജയം മൂന്ന് വിക്കറ്റിന്

Update: 2023-11-06 16:37 GMT
Advertising

ന്യൂഡല്‍ഹി: അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ഷാകിബുൽ ഹസന്റേയും നജ്മുൽ ഹൊസൈൻ ഷാന്റോയുടേയും തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ശ്രീലങ്ക ഉയർത്തിയ 280 റൺസ് വിജയ ലക്ഷ്യം ബംഗ്ലാദേശ് 53 പന്ത് ബാക്കി നിൽക്കേ മറികടന്നു. ഷാകിബുൽ ഹസൻ 82 റൺസ് എടുത്തപ്പോൾ ഷാന്റോ 90 റൺസുമായി ബംഗ്ലാദേശ് വിജയത്തിന് അടിത്തറ പാകി.

ഓപ്പണർമാരായ ലിറ്റൺ ദാസും തൻസീദ് ഹസനും പുറത്തായ ശേഷം ക്രീസിൽ ഒന്നിച്ച ഷാകിബ് ഷാന്റോ ജോഡി മൂന്നാം വിക്കറ്റിൽ സെഞ്ച്വറിക്കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 200 കടന്ന ശേഷമാണ് ഈ ജോഡി വേർപിരിഞ്ഞത്. എയ്ഞ്ചലോ മാത്യൂസാണ് രണ്ടാളേയും വീഴ്ത്തിയത്. 

നേരത്തേ ടോസ് നേടിയ ബംഗ്ലാദേശ്  ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. 41 റണ്‍സ് വീതമെടുത്ത പതൂം നിസംഗയും സമരവിക്രമയും ലങ്കന്‍ സ്കോറിന് അടിത്തറ പാകി. 

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈംഡ് ഔട്ടിനും മത്സരം സാക്ഷിയായി.  ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് നിര്‍ഭാഗ്യം കൊണ്ട് പുറത്തായത്. ശ്രീലങ്കന്‍ ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തുന്നു. എന്നാൽ, ഹെൽമെറ്റിൽ എന്തോ അസ്വാഭാവികത തോന്നി പുതിയത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. കേടായ ഹെൽമെറ്റുമായായിരുന്നു താരം ക്രീസിലെത്തിയത്. എന്നാൽ, അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെൽമെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്.

സബ്സ്റ്റിറ്റ്യൂട്ട് താരം ഹെൽമെറ്റുമായി എത്താൻ വൈകിയതോടെ അംപയർ ഇടപെട്ടു. പിന്നാലെ ബംഗ്ലാദേശ് 'ടൈം ഔട്ടി'നായി അപ്പീൽ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ പുതിയ ബാറ്റർ ക്രീസിലെത്തേണ്ട നിശ്ചിതസമയമായ രണ്ടു മിനിറ്റും കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് വിളിക്കുന്നു. അംപയറുമായും ബംഗ്ലാ താരങ്ങളുമായും വാക്കുതർക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവന്നു. സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം പുകയുകയാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News