വമ്പ‍ന്‍ സര്‍പ്രൈസുമായി വീണ്ടും ദിലീപ്; ബെസ്റ്റ് ഫീല്‍ഡറെ കണ്ട് ഞെട്ടി ആരാധകര്‍

ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്

Update: 2023-11-06 12:37 GMT
Advertising

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൂറ്റന്‍ വിജയത്തിന് ശേഷം ഫീല്‍ഡിങ് കോച്ച് ടി.ദിലീപിനെയും കാത്ത് അക്ഷമയോടെ ഇരിക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്കാരം ഇക്കുറി ആര്‍ക്കാണെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു മുഴുവന്‍ താരങ്ങളും. 

ലോകകപ്പിൽ ഓരോ മത്സരം കഴിയും തോറും വലിയ സർപ്രസൈുകളാണ് ഇന്ത്യൻ ക്യാമ്പിൽ മികച്ച ഫീൽഡറെയും കാത്തിരിക്കുന്നത്. വിജയിക്ക് ലഭിക്കുന്നത് ഒരു മെഡലാണെങ്കിൽ പോലും അവാർഡ് പ്രഖ്യാപന രീതിയിലെ വ്യത്യസ്തത കൊണ്ട് ഇതിനോടകം ടി.ദിലീപും ഈ പുരസ്‌കാരവും ആരാധകര്‍ക്കിടയില്‍ തരംഗമായിക്കഴിഞ്ഞു.

ടീമിന്റെ ഒത്തിണക്കത്തെ കുറിച്ച് പറഞ്ഞാണ് ഇക്കുറി ദിലീപ് തുടങ്ങിയത്. സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, എന്നിവരുടെ ഫീല്‍ഡിങ് പ്രകടനത്തെ പ്രശംസിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രൊഫസർ എന്നാണ് ദിലീപ് വിശേഷിപ്പിച്ചത്. ഫീൽഡർമാരെ കൃത്യമായി പ്ലേസ് ചെയ്യുന്നതില്‍ രോഹിത് വിജയിക്കുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ഇനി അവാര്‍ഡ് പ്രഖ്യാപനത്തിന്‍റെ സമയമാണ്. ഇക്കുറിയും ഡ്രസ്സിങ് റൂമിന് പുറത്ത് വച്ചായിരുന്നു പ്രഖ്യാപനം. ദിലീപ് ഒരുക്കി വച്ച സര്‍പ്രൈസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു താരങ്ങള്‍.

ഗ്രൌണ്ടിലേക്കിറങ്ങിയ താരങ്ങള്‍ക്ക് മുന്നിലേക്ക് ഒരു ബഗ്ഗി ക്യാമറ ഉരുണ്ടു വന്നു. പിന്നെയത് താരങ്ങള്‍ക്കിടയില്‍‌ നിലയുറപ്പിച്ചു. താരങ്ങള്‍ക്കിടയില്‍ ക്യാമറ കറങ്ങാന്‍ ആരംഭിച്ചതും എല്ലാവരും ആവേശത്തിലായി. ഒടുക്കം ക്യാമറക്കണ്ണുകള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് മുന്നില്‍ നിന്നു. ദീലീപിന്‍റെ പ്രഖ്യാപനമെത്തി. 'ദ വിന്നര്‍ ഈസ് പ്രൊഫസര്‍ രോഹിത്'. ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമൊക്കെ രോഹിതിനെ ആലിംഗനെ ചെയ്യുന്നത് കാണാമായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മെഡല്‍ ജേതാവായ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെ മെഡലണിയിച്ചു.  ക്യാച്ചുകൾ എടുക്കുന്നതോ റണ്ണൗട്ടുകൾ നടത്തുന്നതോ മാത്രമല്ല  പ്രധാനമെന്നും  മൈതാനത്ത് എന്ത് ഇംപാക്ട് ആണ് നിങ്ങൾ സൃഷ്ടിക്കുന്നത് എന്നതാണ് പ്രധാനമെന്നും ദിലീപ് പറഞ്ഞു. 

 ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ സൗഹൃദക്കാഴ്ചകള്‍ കൂടെ ആരാധകര്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് ടി.ദിലീപിന്‍റെ ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങളും. മത്സരത്തിനിടയില്‍ തന്നെ അവാര്‍ഡിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് താരങ്ങള്‍ പലവുരും ദിലീപിനെ നോക്കി പറയുന്ന ദൃശ്യങ്ങള്‍ നേരത്തേ വൈറലായിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി ലൈന് അരികിൽ നിന്നിരുന്ന ദിലീപിനെ നോക്കി മെഡൽ കഴുത്തിലണിയുന്ന രീതിയിൽ ആംഗ്യം കാണിച്ച രവീന്ദ്ര ജഡേജ, ന്യൂസിലാന്‍റിനെതിരായ മത്സരത്തില്‍ കോൺവേയെ മനോഹരമായൊരു ക്യാച്ചിലൂടെ പുറത്താക്കി ഇതേ ആംഗ്യം കാണിച്ച ശ്രേയസ് അയ്യര്‍ തുടങ്ങിയവരൊക്കെ ഇതിനോടകം അവാര്‍ഡ് ഏറ്റുവാങ്ങിക്കഴിഞ്ഞു. കിവീസിനെതിരായ മത്സരത്തിന് ശേഷം ഏറെ വ്യത്യസ്ത നിറഞ്ഞതായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.

താരങ്ങളോട് മൈതാനത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഒരു ഡ്രോൺ കാമറ ആകാശത്തപ്പോള്‍ പറക്കുന്നുണ്ടായിരുന്നു. അതില്‍ ഒരുതാരത്തിന്‍റെ ചിത്രം തൂക്കിയിട്ടിരുന്നു. താരങ്ങള്‍ ഇരട്ടിയാവേശത്തിലായി. ഒടുക്കം അത് അവര്‍ക്കിടയിലേക്ക് പറന്നിറങ്ങി. ആരാധകര്‍ പ്രതീക്ഷിച്ചത് പോലെ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കാന്‍ പറന്നു ക്യാച്ചെടുത്ത ശ്രേയസ് അയ്യര്‍ക്ക് തന്നെയായിരുന്നു പുരസ്കാരം. സഹതാരങ്ങള്‍ അയ്യരെ പൊതിയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. അടുത്ത മത്സരത്തിലെ മികച്ച ഫീല്‍ഡര്‍ക്ക് ദിലീപ് ഒരുക്കി വക്കുന്ന സര്‍പ്രൈസ് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News