ഡേവിസ് കപ്പ്: 60 വർഷത്തിനുശേഷം ഇന്ത്യൻ ടെന്നീസ് ടീം പാകിസ്താനിലേക്ക്

1964ലാണ് ഇന്ത്യൻ ഡേവിസ് കപ്പ് ടീം അവസാനമായി പാകിസ്താനിൽ കളിച്ചത്

Update: 2024-01-28 06:11 GMT
Advertising

ഇന്ത്യൻ ടെന്നീസ് താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും വിസ അനുവദിച്ച് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷൻ. പാകിസ്താനെതിരായ ഡേവിസ് കപ്പ് വേൾഡ് ഗ്രൂപ്പ് -1 പ്ലേഓഫ് ടൈ കളിക്കാനാണ് ഇന്ത്യൻ സംഘം പോകുന്നത്. ഫെബ്രുവരി 3, 4 തീയതികളിൽ ഇസ്‍ലാമാബാദ് സ്​പോർട്സ് ​കോംപ്ലക്സിലാണ് മത്സരം.

ഏഴംഗ ഇന്ത്യൻ ടീമിനെയാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പാകിസ്താനിലേക്ക് അയക്കുന്നത്. രോഹിത് രാജ്പാലാണ് ക്യാപ്റ്റൻ. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, എൻ. ശ്രീറാം ബാലാജി, സാകേത് മൈനേനി, നിക്കി കാളിയണ്ട പൂനാച്ച, ദിഗ്വിജയ് എസ്.ഡി പ്രജ്വൽ ദേവ് എന്നിവരാണ് മറ്റു അംഗങ്ങൾ. പരിശീലകനായി സീഷൻ അലിയുണ്ടാകും. ജനുവരി 29ന് ഇന്ത്യൻ ടീം പാകിസ്താനിൽ എത്തുമെന്നാണ് വിവരം.

അതേസമയം, ആസ്ത്രേലിയൻ ഓപണിൽ കിരീടം നേടിയ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. സെപ്റ്റംബറിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ബൊപ്പണ്ണയുണ്ടായിരുന്നു. അന്ന് ഇന്ത്യ 4-1നാണ് ജയിച്ചത്.

പാകിസ്താനിലെ മത്സരത്തിൽ പ​ങ്കെടുത്തില്ലെങ്കിൽ ഇന്ത്യൻ ടീമിന് പോയിന്റ് നഷ്ടമാകുമായിരുന്നു. തുടർന്നാണ് വിസ അനുവദിക്കാനായി ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ കായിക മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.

1964ലാണ് ഇന്ത്യൻ ഡേവിസ് കപ്പ് ടീം അവസാനമായി പാകിസ്താനിലേക്ക് പോയത്. അന്ന് 4-0ന് ഇന്ത്യ ജയിച്ചു. 2019ലും പാകിസ്താനിൽ കളിക്കാൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, മത്സരം നിഷ്പക്ഷ വേദിയായ കസാക്കിസ്താനിലേക്ക് മാറ്റി. അന്നും 4-0ന് ഇന്ത്യക്കായിരുന്നു ജയം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News