ചെക്കിനെ കീഴടക്കി ഡാനിഷ് പട സെമിയിൽ
തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. ഗോളടിയന്ത്രം പാട്രിക് ഷിക്ക് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടി
യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടത്തിൽ ചെക്ക് റിപബ്ലിക്കിനെ തകർത്ത് ഡെന്മാർക്ക് സെമി ഫൈനലിൽ. ബാകു ഒളിംപിക് സ്റ്റേഡിയത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡാനിഷ് വിജയം. തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. മുന്നേറ്റനിര താരം പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടിയത്.
കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ഡെന്മാർക്ക് ലീഡെടുത്തു. സ്‌ട്രൈജർ ലാർസൻ തൊടുത്ത മത്സരത്തിലെ ആദ്യ കോർണർ കിക്ക് ഡെന്മാർക്കിന്റെ മധ്യനിര താരം തോമസ് ഡെലാനി ഹെഡറിലൂടെ ഗോളാക്കി. തുടർന്ന് ചെക്ക് റിപബ്ലിക്ക് ഗോളിനായി നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇടയ്ക്ക് ചെക്കിന്റെ ഗോളടിയന്ത്രം പാട്രിക് ഷിക്ക് മികച്ചൊരു അവസരം പാഴാക്കുകയും ചെയ്തു.
ആദ്യ പകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ടാം ഗോളും നേടി ഡെന്മാർക്ക് മത്സരത്തിൽ ആധിപത്യമുറപ്പിച്ചു. 42-ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ജോക്കിം മെയ്ൽ നൽകിയ അളന്നുമുറിച്ച ക്രോസ് മുന്നേറ്റനിര താരം കാസ്പർ ഗോൽബർഗ് കൃത്യമായി വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം മികച്ച നീക്കത്തിലൂടെ ചെക്ക് താരങ്ങൾ ഡാനിഷ് ഗോൾമുഖത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അധികം വൈകാതെ തന്നെ മറുപടി ഗോളും നേടി. 49-ാം മിനിറ്റിൽ പാട്രിക് ഷിക്ക് ആണ് ചെക്ക് റിപബ്ലിക്കിനു വേണ്ടി തിരിച്ചടിച്ചത്. വ്‌ളാഡ്മിർ കോഫലിന്റെ ക്രോസ് ഷിക്ക് മനോഹരമായ വോളിയിലൂടെ വലയിൽ നിറയ്ക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മിഷേൽ ക്രമെൻസിക്ക് ഡെന്മാർക്ക് പ്രതിരോധനിരയിൽ തുടർച്ചയായി വിള്ളലുണ്ടാക്കി.
68-ാം മിനിറ്റിൽ തുറന്ന അവസരം ലഭിച്ചിട്ടും ഡെന്മാർക്കിന്റ യൂസുഫ് പോൾസന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. പോൾസണിന്റെ ദുർബലമായ ലോങ്‌റേഞ്ചർ ചെക്ക് ഗോൾകീപ്പർ തോമസ് വാസ്ലിക്ക് കൈയിലൊതുക്കി. 74-ാം മിനിറ്റിൽ മികച്ച സേവിലൂടെ പീറ്റർ ഷ്‌മൈക്കലും വിസ്മയിപ്പിച്ചു. ചെക്കുകൾക്ക് ലഭിച്ച ഫ്രീകിക്കിൽ ബ്രാബെക്ക് തൊടുത്തുവിട്ട പന്ത് ഷ്‌മൈക്കൽ വിസ്മയകരമായി തട്ടിയകറ്റുകയായിരുന്നു.
77-ാം മിനിറ്റിൽ ബ്രാബെക്കിനെ കടന്ന് പെനാൽറ്റി ബോക്‌സിൽനിന്ന് പോൾസൻ തൊടുത്ത ശക്തമായ ഷോട്ട് വാസ്ലിക്ക് തടുത്തിട്ടു. 81-ാം മിനിറ്റിൽ മറ്റൊരു തുറന്ന അവസരംകൂടി ഡെന്മാർക്കിനുമുൻപിൽ തുറന്നുകിട്ടിയെങ്കിലും വാസ്ലിക്ക് വീണ്ടും ചെക്കിന്റെ രക്ഷകനായി. ഇതിനുപിറകെ അടുത്തടുത്തായി ചെക്ക് താരങ്ങളായ തോമസ് കലാസിനം മൈക്കൽ ക്രമെൻസിക്കിനും മഞ്ഞക്കാർഡുകളും ലഭിച്ചു. അവസാനഘട്ടംവരെ ഡാനിഷ് ഗോൾപോസ്റ്റിനു ചുറ്റും നിറഞ്ഞുനിന്നെങ്കിലും ഇഞ്ചുറി ടൈമിലും സമനില പിടിക്കാനും ചെക്കിനായില്ല.
കളിയിലുടനീളം പന്തടക്കത്തിലും പാസ് കൃത്യതയിലുമെല്ലാം മുന്നിൽനിന്നത് ചെക്ക് റിപബ്ലിക്കായിരുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും ചെക്കായിരുന്നു. എന്നാൽ, കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. മറുവശത്ത് ലഭിച്ച അവസരങ്ങളിൽ ഡെന്മാർക്ക് കൃത്യമായ നീക്കത്തിലൂടെ വിജയം കാണുകയും ചെയ്തു.
പാട്രിക് ഷിക്ക് ടൂര്‍ണമെന്റിലെ അഞ്ചാമത്തെ ഗോളാണ് ഇന്ന് നേടിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് താരം.