'അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നു?' ധോണിയുടെ രസകരമായ മറുപടി
ലഖ്നൌ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഡാനി മോറിസണാണ് ധോണിയോട് വിരമിക്കലിനെ കുറിച്ച ചോദ്യം ചോദിച്ചത്
പ്രായം 40 പിന്നിട്ടു.. എന്നിട്ടും നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണിക്കുള്ള ആരാധക പിന്തുണ മറ്റൊരാൾക്കുമില്ലെന്ന് തന്നെ പറയേണ്ടി വരും. എതിരാളികളുടെ തട്ടകത്തിൽ പോലും ധോണി കളത്തിലിറങ്ങുമ്പോൾ അവയൊക്കെ താരത്തിന്റെ ഹോം ഗ്രൌണ്ടായി മാറുന്ന കാഴ്ചയാണ് ഇക്കുറി ഐ.പി.എല്ലില്‍ കാണുന്നത്. നേരത്തേ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി ഐ.പി.എല്ലിൽ ഇപ്പോഴും സജീവമാണ്. പ്രായം തന്നെ ഒട്ടും തളർത്തിയിട്ടില്ലെന്ന് ഈ ഐ.പി.എല്ലിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് ധോണി തെളിയിച്ചു കഴിഞ്ഞു. താന്‍ എപ്പോൾ വിരമിക്കുമെന്ന ചോദ്യത്തിന് ഇക്കാലമത്രയും രസകരമായ മറുപടികളാണ് താരം മാധ്യമപ്രവർത്തകർക്കും ആരാധകര്‍ക്കും നൽകിയിട്ടുള്ളത്.
ഇന്ന് ലഖ്നൌ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുമ്പും താരം ഈ ചോദ്യം നേരിട്ടു. ടോസിങ്ങിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യം വീണ്ടും എടുത്തിട്ടത് ഡാനി മോറിസണാണ്. നിങ്ങളുടെ അവസാന സീസൺ എങ്ങനെ ആസ്വദിക്കുന്നു എന്നായിരുന്നു മോറിസന്റെ ചോദ്യം. അതിന് ധോണി ചിരിച്ച് കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു. ''ഇത് എന്റെ അവസാന സീസണാണ് എന്ന് തീരുമാനിച്ചത് നിങ്ങളാണ് ഞാനല്ല..'' ധോണിയുടെ മറുപടിക്ക് പിന്നാലെ ധോണി 2024 ലും കളിക്കളത്തിലുണ്ടാവുമെന്ന് മോറിസൺ ആരാധകരോട് പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് ധോണിയുടെ മറുപടിയെ ആരാധകര്‍ സ്വീകരിച്ചത്. ധോണിയുടെ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മാന്‍ ഓഫ് ട്വെന്‍റീത്ത് ഓവര്‍
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബിനതിരായ മത്സരത്തില്‍ ധോണി വലിയൊരു നാഴികക്കല്ല് പിന്നിട്ടിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ ധോണി അവസാന രണ്ട് പന്തുകളും സിക്സര്‍ പറത്തി ആവേശകരമായാണ് ചെന്നൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. മാന്‍ ഓഫ് ട്വെന്‍റീത്ത് ഓവര്‍ എന്ന ഹാഷ്ടാഗാണ് ധോണിയുടെ അവസാന ഓവറിലെ രണ്ട് സിക്സറുകള്‍ക്ക് ശഷം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയ ഹാഷ്ടാഗ്. പഞ്ചാബിനെതിരായ മത്സരത്തിലെ സിക്സര്‍ ഉള്‍പ്പെടെ ധോണി അവസാന ഓവറിലെ അവസാന രണ്ട് പന്തുകളില്‍ നേടുന്ന സിക്സറുകളുടെ എണ്ണം 18 ആയി. ഇതൊരു ഐപിഎല്‍ റെക്കോര്‍ഡാണ്,ഐ.പി.എല്‍ കരിയറിലല്‍ ഇന്നിങ്സിന്‍റെ അവസാന രണ്ട് പന്തുകളില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതോടെ ധോണിയുടെ പേരിലായി.. 16 സിക്സറുകള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന കീറോണ്‍ പൊള്ളാര്‍ഡിന്‍റെ പേരിലായിരുന്നു ഇതുവരെ അവസാന രണ്ട് പന്തുകളിലെ സിക്സര്‍ റെക്കോര്‍ഡ്.