'സൂര്യയെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്'; പിന്തുണയുമായി കപിൽ ദേവ്
''സൂര്യയെ പിന്തുണക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും''
ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അമ്പേ പരാജയമായ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. മൂന്ന് ഏകദിനങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായിരുന്നു. ഇതിന് പിറകേ മലയാളി താരം സഞ്ജു സാംസണായുള്ള മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഏകദിന ക്രിക്കറ്റില്‍ മൈതാനങ്ങളില്‍ ഇറങ്ങിയപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത സാംസണ് അവസരം നിഷേധിച്ച് മോശം ഫോം തുടരുന്നവരെ വീണ്ടും ടീമിലെടുക്കുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
എന്നാലിപ്പോള്‍ സൂര്യ സഞ്ജു താരതമ്യങ്ങള്‍ ആരാധകര്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. കഴിവുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ബി.സി.സി.ഐ ആണെന്നും കപില്‍ പറഞ്ഞു.
''കഴിവുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. സഞ്ജുവിനെയും സൂര്യയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് നിര്‍ത്തൂ. സഞ്ജുവാണ് ഇത്തരമൊരു സാഹചര്യത്തിലൂടെ നീങ്ങുന്നത് എങ്കില്‍ നിങ്ങള്‍ ആ സ്ഥാനത്ത് മറ്റൊരാളുടെ പേര് പറയും. സൂര്യയെ പിന്തുണക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും''- കപില്‍ പറഞ്ഞു.
നേരത്തേ സൂര്യക്ക് പിന്തുണയുമായി യുവരാജ് സിങ്ങും രംഗത്ത് വന്നിരുന്നു. ഒരാളുടെ കരിയറിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നു സൂര്യകുമാറിന് ഇനിയും അവസരങ്ങൾ കൊടുക്കുകയാണെങ്കിലും അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്നും യുവ്‌രാജ് സിങ് പറഞ്ഞു. ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ നാലാം നമ്പറിൽ ആര് എന്നതിനെക്കുറിച്ച് ഇന്ത്യൻ ക്യാമ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.