''ഒരു രൂപ പോലും കൊടുക്കരുത്''; മുംബൈ ബോളർക്കെതിരെ പൊട്ടിത്തെറിച്ച് ഗവാസ്‌കർ

''100 ശതമാനം താൻ ഫിറ്റല്ലെന്ന് അറിയാമായിരുന്ന താരം ഫ്രാഞ്ചസിയെ ഇക്കാര്യം അറിയിക്കണമായിരുന്നു''

Update: 2023-05-19 09:18 GMT
Advertising

മുംബൈ: മുംബൈ ഇന്ത്യന്‍സ് ബോളർ ജോഫ്ര ആർച്ചറിനെതിരെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. ഈ വർഷം ടീമിനായി അഞ്ച് മത്സരങ്ങൾ കളിച്ച ആർച്ചറിന് ടീമിനായി വലിയ സംഭാവനകൾ നൽകാനായിരുന്നില്ല. കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരം ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു.

ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുംബൈ ബോളിങ് ഡിപ്പാർട്ട്‌മെന്റിനെ നയിക്കാൻ കോടികൾ മുടക്കി ടീമിലെത്തിച്ച ആർച്ചറിന്റെ പ്രകടനത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. എട്ട് കോടിക്കാണ് മുംബൈ ആർച്ചറിനെ ടീമിലെത്തിച്ചത്. എന്നാൽ എട്ട് കോടിക്കുള്ള പ്രകടനമൊന്നും ഇംഗ്ലീഷ് ബോളറുടെ കയ്യിൽ നിന്ന് മുംബൈക്ക് കിട്ടിയില്ല.

സീസണിൽ റൺസ് വിട്ടുകൊടുക്കാൻ ഒരു പിശുക്കും കാണിക്കാതിരുന്ന ആർച്ചർ ആകെ രണ്ട് വിക്കറ്റാണ് നേടിയത്. മുംബൈക്കായി ആർച്ചറിന്റെ സംഭാവനയെന്താണെന്നും അദ്ദേഹത്തിന് ഒരു രൂപ പോലും മുംബൈ നല്‍കരുതെന്നും ഗവാസ്കര്‍ പറഞ്ഞു. 

''മുംബൈക്കായി ആർച്ചറിന്റെ സംഭാവനയെന്താണ്. പരിക്ക് പറ്റിയെന്നും ഈ സീസൺ മുതൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നും അറിഞ്ഞിട്ടും മുംബൈ അയാളെ ടീമിലെടുത്തു. വലിയ തുകയാണ് അയാള്‍ക്ക് ടീം നല്‍കിയത്. എന്നിട്ടയാള്‍  ടീമിന് എന്താണ് പകരം നൽകിയത്. 100 ശതമാനം താൻ ഫിറ്റല്ലെന്ന് അറിയാമായിരുന്ന താരം ഫ്രാഞ്ചസിയെ ഇക്കാര്യം അറിയിക്കണമായിരുന്നു.  സാധാരണ വേഗതയിൽ പന്തെറിയാൻ തനിക്ക്  കഴിയുന്നില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ടൂർണമെന്റിനിടയിൽ, അദ്ദേഹം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി, അതാണ് അദ്ദേഹത്തിന്‍റെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തോട് പറഞ്ഞത്.  പൂർണ ആരോഗ്യവാനായിരുന്നില്ല എന്നറിഞ്ഞിട്ടും  അദ്ദേഹം കളിക്കാനെത്തി. ഇപ്പോഴിതാ മടങ്ങിയിരിക്കുന്നു. ഇസിബി നൽകുന്നതിനേക്കാൾ കൂടുതൽ പണം നൽകുന്ന ഫ്രാഞ്ചൈസിയോട് അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നെങ്കില്‍ ഫിറ്റല്ലെന്ന കാര്യം നേരത്തേ സൂചിപ്പിക്കണമായിരുന്നു. 

 എത്ര വലിയ കളിക്കാരനാണെങ്കിലും മുഴുവൻ ടൂർണമെന്‍റിലും കളിക്കാനാവില്ലെങ്കില്‍ ഒരു രൂപ പോലും അയാള്‍ക്ക്  നൽകരുത്. ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കണോ തന്റെ രാജ്യത്തിനോ വേണ്ടി കളിക്കണോ എന്നത് കളിക്കാരന്റെ തീരുമാനമാണ്. ഐ‌പി‌എല്ലിനെക്കാൾ രാജ്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കില്‍  അയാൾക്ക് ഫുൾ മാർക്ക് നല്‍കണം. പക്ഷേ ഐ‌പി‌എൽ തിരഞ്ഞെടുക്കുകയാണെങ്കിൽ, അയാള്‍ ടീമിനോടുള്ള തന്റെ പ്രതിബദ്ധത പൂർണ്ണമായും കാണിക്കണം- ”ഗവാസ്‌കർ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News