ഡച്ച് ഇതിഹാസ താരം ആര്യൻ റോബൻ ബൂട്ടഴിച്ചു
2010 ലോകകപ്പിൽ നെതർലൻഡ്‌സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആര്യൻ റോബൻ ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ മുൻനിര ക്ലബുകൾക്കു വേണ്ടിയെല്ലാം ബൂട്ടണിഞ്ഞിട്ടുണ്ട്
ഡച്ച് ഇതിഹാസം ആര്യൻ റോബൻ കളി മതിയാക്കി. പരിക്കിനെ തുടർന്നാണ് താരം പ്രൊഫഷനൽ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
2010 ലോകകപ്പിൽ നെതർലൻഡ്‌സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് തുടങ്ങിയ മുൻനിര ക്ലബുകൾക്കു വേണ്ടിയെല്ലാം ബൂട്ടണിഞ്ഞിട്ടുണ്ട്. 16-ാം വയസിൽ അരങ്ങേറ്റം കുറിച്ച എഫ്‌സി ഗ്രോനിംഗെനു വേണ്ടിയാണ് താരം അവസാനമായും കളിച്ചത്.
വിരമിക്കൽ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആര്യൻ പുറത്തുവിട്ടത്. സജീവ കളിയിൽനിന്ന് പിന്മാറുകയാണെന്നും പ്രയാസകരമായ തീരുമാനമാണിതെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കളി തുടരാൻ തന്നെയായിരുന്നു തീരുമാനമെങ്കിലും കഴിഞ്ഞ സീസണിലുണ്ടായ പരിക്കിനെ തുടർന്ന് തിരിച്ചുവരവിനുള്ള സാധ്യത മങ്ങിയതോടെ പൂർണമായും കളി മതിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
2019 ജൂലൈയിൽ ആര്യൻ റോബൻ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രോനിംഗെനിലൂടെ വീണ്ടും മത്സരരംഗത്തെത്തുകയായിരുന്നു. ബുണ്ടസ്്‌ലിഗ ചാംപ്യന്മാരായ ബയേൺ മ്യൂണിക്കിലെ പത്തുവർഷത്തെ കരാർ അവസാനിപ്പിച്ചായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ബയേണിനു വേണ്ടി മൂന്ന് ബുണ്ടസ്ലിഗ, അഞ്ച് ജർമൻ കപ്പ്, രണ്ട് പ്രീമിയർ ലീഗ്, ഓരോ വീതം എഫ്എ കപ്പ്, ലാലിഗ കിരീടങ്ങളെല്ലാം നേടിക്കൊടുത്തിട്ടുണ്ട് താരം. ബയേണിനായി 309 മത്സരങ്ങളിൽനിന്നായി 114 ഗോളാണ് ആര്യൻ നേടിയത്. നെതർലൻഡ്‌സ് ദേശീയ ടീമിനായി 96 മത്സരങ്ങളും കളിച്ചു.