ബൈ ബൈ ചെന്നൈ; ഡ്വൈന്‍ ബ്രാവോ കൊല്‍ക്കത്തയുടെ പുതിയ മെന്‍റര്‍
സ്ഥാനമൊഴിഞ്ഞ ഗൗതം ഗംഭീറിന്റെ പകരക്കാരനായാണ് വിൻഡീസ് താരമെത്തുന്നത്
മുൻ വിൻഡീസ് താരം ഡൈ്വൻ ബ്രാവോയെ പുതിയ മെന്ററായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ വർഷം കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീർ പടിയിറങ്ങിയ ഒഴിവിലാണ് ബ്രാവോയുടെ നിയമനം. ഏറെക്കാലമായി ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്ന ബ്രാവോ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത് കഴിഞ്ഞ ദിവസമാണ്.
കരീബിയൻ പ്രീമിയർ ലീഗിൽ പരിക്കേറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു ബ്രാവോയുടെ വിരമിക്കൽ പ്രഖ്യാപനം. മണിക്കൂറുകള്‍ക്കുള്ളില്‍ താരത്തെ മെന്‍ററായി നിയമിച്ചുള്ള കെ.കെ.ആറിന്റെ പ്രഖ്യാപനവുമെത്തി.
''കഴിഞ്ഞ പത്ത് വർഷമായി കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ഞാൻ. വിവിധ ലീഗുകളിൽ നൈറ്റ് റൈഡേഴ്‌സിനെതിരെയും കളിച്ചിട്ടുണ്ട്. അവരെങ്ങനെയാണ് കാര്യങ്ങളെ സമീപിക്കാറുള്ളത് എന്ന് എനിക്ക് നന്നായറിയാം. ഒരു കുടുംബത്തിൽ എന്ന പോലുള്ള അന്തരീക്ഷമാണിവിടെ. അടുത്ത തലമുറയിലെ കളിക്കാരെ പരിശീലിപ്പിക്കാന്‍ എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണിത്''- ബ്രാവോ പ്രതികരിച്ചു.
18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ വിൻഡീസിനെ രണ്ട് തവണ ടി20 ലോകജേതാക്കളാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് ബ്രാവോ. ഐ.പി.എല്ലിലും പി.എസ്.എല്ലിലും ബിഗ് ബാഷ് ലീഗിലുമായി വിവിധ ഫ്രാഞ്ചസികൾക്കായി പാഡണിഞ്ഞു.
ഐ.പി.എല്ലിൽ 2011 മുതൽ 2022 വരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്നു ബ്രാവോ. പിന്നീട് ടീമിൽ ഏറെക്കാലം ബോളിങ് കോച്ചായി. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനാണ് താരം.