യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട്- ഇറ്റലി പോരാട്ടം

ഹാരി കെയ്നിന്റെ എക്സ്ട്രാ ടൈം ഗോളില്‍ ഡെന്‍മാര്‍ക്കിനെ 2-1ന് തോല്‍പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.

Update: 2021-07-08 01:10 GMT
Advertising

ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഹാരി കെയ്നിന്റെ എക്സ്ട്രാ ടൈം ഗോളില്‍ ഡെന്‍മാര്‍ക്കിനെ 2-1ന് തോല്‍പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. കളിയുടെ കടിഞ്ഞാൺ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ കൈകളിലായിരുന്നു. മധ്യനിരയുടെ മികവിൽ ഇംഗ്ലണ്ട് കുതിച്ചു കയറി. പക്ഷേ ആദ്യം ഗോൾ നേടിയത് ഡെൻമാർക്കായിരുന്നു.

മുപ്പതാം മിനിട്ടിൽ ഡംസ്ഗാർഡ് എടുത്ത ഫ്രീകിക്ക് വലയിലെത്തിയപ്പോള്‍ ഈ യൂറോയിലെ ആദ്യ ഫ്രീകിക്ക് ഗോൾ സംഭവിച്ചു. എട്ട് മിനിട്ടുകൾക്കപ്പുറം ബോക്സിലേക്കെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഡാനിഷ് നായകൻ സിമൺ കേറിന് പിഴച്ചു. സിമണിന്‍റെ കാലിൽ തട്ടി പന്ത് വലയിൽ കയറിയപ്പോൾ ഇംഗ്ലണ്ട് ഒപ്പം പിടിച്ചു. രണ്ടാം പകുതിയിൽ ഇരു കൂട്ടർക്കും അവസരങ്ങളുണ്ടായെങ്കിലും പിക്ഫോർഡും സ്മൈക്കേലും മികച്ച സേവുകളുമായി കളി അധിക സമയത്തേക്ക് നീട്ടി. 

അധികസമയത്തും ഇംഗ്ലണ്ടിന്‍റെ ശക്തമായ ആക്രമണം കണ്ടു. 94ാം മിനിട്ടിൽ ഹാരിക്കെയിൻ ലീഡെഡുക്കുമെന്ന് തോന്നിയെങ്കിലും കാസ്പർ സ്മൈക്കേല്‍ രക്ഷകനായി. 102ാം മിനിട്ടിൽ നടത്തിയ മുന്നേറ്റത്തിനിടയിൽ ബോക്സിനുള്ളിൽ റഹീം സ്റ്റേർലിംഗ് വീണു. നിസാരമായ ഫൗളെന്ന് തോന്നിയെങ്കിലും വാറിന് ശേഷവും റഫറി പെനാൽറ്റി വിധിച്ചു.

ഹാരിക്കെയിൻ എടുത്ത കിക്ക് കാസ്പർ സ്മൈക്കേൽ തടുത്തിട്ടെങ്കിലും റീബൗണ്ടിൽ കെയിൻ തന്നെ ലക്ഷ്യം കണ്ടു. പന്ത് കൈവശം വച്ച് ബാക്കി സമയം തള്ളി നീക്കിയ ഇംഗ്ലണ്ട് യൂറോ കപ്പ് മോഹത്തിലേക്ക് ഒരു പടി കൂടി അടുത്തപ്പോൾ ടൂര്‍ണമെന്‍റില്‍ വമ്പന്‍ തിരിച്ചു വരവ് നടത്തിയ ഡാനിഷ് പട ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News