ആൻഡേഴ്‌സന് അഞ്ചു വിക്കറ്റ്; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 364ന് പുറത്ത്
അഞ്ചു വിക്കറ്റുമായി ആൻഡേഴ്‌സൻ ഒരിക്കൽകൂടി ഇന്ത്യന്‍ മുന്‍നിരയെയും വാലറ്റത്തെയും വിറപ്പിച്ചു. അവസാനം വരെ പോരാടിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്
ലോർഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനം പുലർത്തിയ മേധാവിത്വം തുടരാൻ രണ്ടാം ദിനം ഇന്ത്യയ്ക്കായില്ല. ജിമ്മി ആൻഡേഴ്‌സനുമുൻപിൽ ഒന്നിനു പിറകെ ഒന്നൊന്നായി കീഴടങ്ങി ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ കൂടാരം കയറി. ഒരുഘട്ടത്തിൽ അനായാസം 400 കടക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 364ൽ ഒതുങ്ങി. അഞ്ചു വിക്കറ്റുമായി ആൻഡേഴ്‌സൻ ഒരിക്കൽകൂടി ഇന്ത്യയ്ക്ക് മുന്നിൽ അപകടം വിതച്ചപ്പോൾ അവസാനം വരെ പോരാടിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്‌കോർ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ആദ്യദിനം ഓപണർമാരായ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെ അർധ സെഞ്ച്വറിയുടെയും ചിറകിലേറി മൂന്നു വിക്കറ്റ് നഷ്ടത്തിൽ 276 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാൽ, രണ്ടാം ദിനം കളി തുടങ്ങി അധികം പിന്നിടും മുൻപ് തന്നെ മികച്ച ഫോമിലുണ്ടായിരുന്ന രാഹുൽ റോബിൻസണു മുൻപിൽ കീഴടങ്ങി. തലേന്നത്തെ സ്‌കോറിൽ രണ്ടു റൺസ് മാത്രം കൂട്ടിച്ചേർക്കാനേ രാഹുലിനായുള്ളൂ. പുറത്താകുമ്പോൾ 250 പന്തിൽ 12 ഫോരും ഒരു സിക്സും സഹിതം 129 റൺസാണ് രാഹുൽ നേടിയിരുന്നത്.
രാഹുൽ പോയതിനു തൊട്ടുപിന്നാലെ അടുത്ത ഓവറിൽ തന്നെ അജിങ്ക്യ രഹാനെയും മടങ്ങി. ആൻഡേഴ്സന്റെ നിരുപദ്രവകരമായ പന്തിൽ ഇംഗ്ലീഷ് നായകൻ ജോ റൂട്ടിന് അനായാസ ക്യാച്ച് നൽകിയാണ് രഹാനെ കൂടാരം കയറിയത്. പിന്നീട് ഒന്നിച്ച റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യൻ സ്‌കോർ പടുത്തുയർത്തി. ഇടങ്കയ്യൻ ജോഡി ഭീഷണിയായി തുടരുമ്പോഴാണ് മാർക്ക് വുഡ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകിയത്. അഞ്ച് ഫോർ സഹിതം 37 റൺസുമായി പ്രത്യാക്രമണ മൂഡിലായിരുന്ന പന്ത് വിക്കറ്റ് കീപ്പർ ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീടെത്തിയ മുഹമ്മദ് ഷമിക്ക് സ്‌കോർ ബോർഡിൽ ഒറ്റ റൺസും കൂട്ടിച്ചേർക്കാനായില്ല.
പിന്നീട് ഇശാന്ത് ശർമയുമായി ചേർന്ന് ജഡേജ സ്‌കോർനില ഉയർത്തി. എന്നാൽ, ആൻഡേഴ്‌സന്റെ മാസ്മരിക പന്തുകൾക്കുമുൻപിൽ ഇശാന്തിനും അധികം പിടിച്ചുനിൽക്കാനായില്ല. ആൻഡേഴ്‌സന്റെ പന്തിൽ 29 പന്തിൽ എട്ടു റൺസുമായി ഇശാന്ത് വിക്കറ്റിനു മുന്നിൽ കുടുങ്ങി. പിന്നാലെയെത്തിയ ബുംറയ്ക്ക് ആദ്യ ടെസ്റ്റിലെ പ്രകടനത്തിനുള്ള സമയം ലഭിച്ചില്ല. അപകടം വിതച്ചത് വീണ്ടും ആൻഡേഴ്‌സൻ. പിന്നാലെ ജഡേജയെ പുറത്താക്കി മാർക്ക് വുഡ് ഇന്ത്യൻ ഇന്നിങ്‌സിന് അന്ത്യം കുറിച്ചു. പുറത്താകുമ്പോൾ 120 പന്തിൽ മൂന്ന് ഫോറുമായി 40 റൺസെടുത്തിരുന്നു ജഡേജ. സിറാജ് റൺസൊന്നും കൂടാതെ പുറത്താകാതെ നിന്നു.
ഇന്ത്യൻ മുൻനിരയെയും വാലറ്റത്തെയും ഒരുപോലെ ചുരുട്ടിക്കൂട്ടുകയായിരുന്നു ജിമ്മി ആൻഡേഴ്സൻ. മൂന്ന് മുൻനിര വിക്കറ്റുകളും രണ്ടു വാലറ്റക്കാരെയുമടക്കം കരിയറിലെ 30-ാമത്തെ അഞ്ചുവിക്കറ്റ് നേട്ടമാണ് ആൻഡേഴ്‌സൻ ഇന്നു സ്വന്തമാക്കിയത്. റോബിൻസനും വുഡും രണ്ടു വീതവും മോയിൻ അലി ഒന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടമാകാതെ 16 റണ്‍സെടുത്തു നില്‍ക്കുകയാണ് ഇംഗ്ലണ്ട്. ഓപണര്‍മാരായ റോറി ബേണ്‍സ്(9), ഡോം സിബ്‍ലി(6) എന്നിവരാണ് ക്രീസിലുള്ളത്.