പുരുഷ-വനിത ക്രിക്കറ്റ് ടീമുകൾക്ക് തുല്യസമ്മാനത്തുക; ചരിത്ര തീരുമാനവുമായി ഐ.സി.സി
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) നടത്തുന്ന മത്സരങ്ങളിൽ ഇനി മുതൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യസമ്മാനത്തുകയാണ് നൽകുക. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ഐ.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
2030 ഓടെയാണ് ഈ തീരുമാനം പുർണ്ണമായ രീതിയിൽ പ്രാബല്യത്തിൽ വരുക. പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനതുക നൽകുക എന്ന ലക്ഷ്യത്തോടെ 2017 മുതൽ ഐ.സി.സി വനിതാ ടൂർണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലെ പറഞ്ഞു.
രാജ്യാന്തര ടി20 ലീഗുകളിൽ കളിക്കുന്ന ടീമുകളുടെ പ്ലെയിങ് ഇലവനിൽ കുറഞ്ഞത് ഏഴ് ആഭ്യന്തര താരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് യോഗത്തിലെ മറ്റൊരു തീരുമാനം. പരമാവധി നാല് വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് കളിപ്പിക്കാൻ സാധിക്കുകയുള്ളു. ഐ.പി.എലിൽ ഈ രീതിയാണ് നിലവിൽ പിന്തുടരുന്നത്. നാലിൽ കൂടുതൽ വിദേശ താരങ്ങൾ ഒരു ടീമിലുണ്ടായാൽ ആ താരങ്ങളുടെ രാജ്യത്തിന് 'സോളിഡാരിറ്റി ഫീ' എന്ന പേരിൽ ഒരു തുക നൽണമെന്ന് ഐ.സി.സി അറിയിച്ചു.