ഫിഫ ദ ബെസ്റ്റ് പുരസ്കാര പട്ടിക പ്രഖ്യാപിച്ചു; ലോകകപ്പ് പ്രകടനം പരിഗണിക്കില്ല

ഫിഫ ദ ബെസ്റ്റ് പട്ടികയിലും ക്രിസ്റ്റ്യാനോക്ക് ഇടമില്ല

Update: 2023-09-15 12:13 GMT
Advertising

ഫിഫയുടെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തെ കണ്ടെത്താനുള്ള പുരസ്‌കാരപ്പട്ടിക പ്രഖ്യാപിച്ചു. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ട് എന്നിവരടക്കം 12 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ മികച്ച താരത്തെ കണ്ടെത്താൻ കഴിഞ്ഞ ലോകകപ്പിലെ പ്രകടനം പരിഗണിക്കില്ലെന്ന് ഫിഫ അറിയിച്ചു.

2022 ഡിസംബർ 12 മുതൽ 2023 ആഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുക. ഇത് പ്രകാരം മാഞ്ചസ്റ്റർ സിറ്റിക്ക് ട്രബിൾ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എർലിങ് ഹാളണ്ടിന് സാധ്യതയേറി. ഹാളണ്ടിന് പുറമേ ജൂലിയൻ അൽവാരസ്, കെവിൻ ഡിബ്രൂയിനെ, ബെർണാഡോ സിൽവ, റോഡ്രി എന്നീ സിറ്റി താരങ്ങളും പട്ടികയിലിടം പിടിച്ചു. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇക്കുറിയും പുരസ്‌കാരപ്പട്ടികയില്‍ ഇടമില്ല.

മാർസെലോ ബ്രോസോവിച്ച്, ഇൽകേ ഗുന്ദോഗൻ, വിക്റ്റർ ഒസിംഹൻ, ഡെക്ലാൻ റൈസ്, ക്വിച്ച ക്വററ്റ്‌സ്‌കെലിയ എന്നിവരാണ് മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള  പട്ടികയിലെ മറ്റു പേരുകൾ

മികച്ച വനിതാ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിലവിലെ യൂറോപ്പ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ഐറ്റാന ബോൻമാറ്റി, സൽമ പാരല്ലെലോ, ലോറൻ ജയിംസ് എന്നിവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 

മികച്ച പരിശീലകനെ കണ്ടെത്താനുള്ള പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള, എസി.മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി, നാപ്പോളി പരിശീലകൻ ലൂസിയാനോ സ്പല്ലേറ്റി ഒപ്പം ആംഗെ പോസ്‌റ്റെകോഗ്ലോയും ഇടംപിടിച്ചു.

മികച്ച ഗോൾകീപ്പറെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയിൽ യാസീൻ ബോനോ, തിബോ കോർട്ടുവ, എഡേഴ്‌സൺ, ആന്ദ്രേ ഒനാന, ടെർസ്റ്റഗൻ എന്നിവരാണ് ഇടംപിടിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News