ഒരേയൊരു ഹാളണ്ട്; പി.എഫ്.എ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം സ്വന്തമാക്കി താരം
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്
പി.എഫ്.എ യുടെ പോയ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ ഇംഗ്ലീഷ് താരം റേച്ചല്‍ ഡാലിയാണ് മികച്ച വനിതാ താരം.
കഴിഞ്ഞ സീസണിൽ സിറ്റിക്കായി 52 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയത്. പ്രഥമ സീസണിൽ തന്നെ സിറ്റിക്ക് ട്രിബിൾ കിരീടം നേടിക്കൊടുക്കുന്നതിൽ ഹാളണ്ട് നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലും ഹാളണ്ട് തന്നെയായിരുന്നു ടോപ് സ്‌കോറർ.
മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോൺ സ്‌റ്റോൺസ് എന്നിവരുടേയും ആഴ്‌സണൽ സ്‌ട്രൈക്കർ ബുക്കായോ സാക്കയുടേയും വെല്ലുവിളി മറികടന്നാണ് ഹാളണ്ട് പുരസ്‌കാരത്തിൽ മുത്തമിട്ടത്. പുരസ്‌കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും തനിക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിക്കുന്നതായും ഹാളണ്ട് പറഞ്ഞു.
''മറക്കാനാവാത്തൊരു സീസണാണ് കടന്ന് പോയത്. ട്രെബിൾ കിരീടം നേടുക എന്നത് എന്റെ സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. മികച്ച ഒരു പറ്റം കളിക്കാർക്കൊപ്പം ആ നേട്ടം സ്വന്തമാക്കുക എന്നത് വലിയൊരു അനുഭവമാണ്. ഈ പുരസ്‌കാരം നേടാനായതിൽ ഏറെ അഭിമാനിക്കുന്നു. എനിക്ക് വോട്ട് ചെയ്തവർക്ക് നന്ദി''- ഹാളണ്ട് പറഞ്ഞു