സെമി നിയന്ത്രിക്കാന്‍ ഒത്തു കളിക്കാരന്‍; യൂറോയില്‍ വിവാദക്കൊടുങ്കാറ്റ്

ഇംഗ്ലണ്ട് നെതര്‍ലന്‍റ്സ് സെമിയാണ് ഫെലിക്‌സ് സ്വായര്‍ നിയന്ത്രിക്കുന്നത്

Update: 2024-07-09 11:27 GMT
Advertising

''മുമ്പ് മാച്ച് ഫിക്‌സിങ്ങ് നടത്തിയൊരു റഫറിയെയാണ് നിങ്ങൾ ഞങ്ങൾക്ക് ഇട്ട് തന്നത്. അതും ജർമനിയിലെ ഏറ്റവും വലിയ പോരാട്ടത്തിൽ. ഇനി നിങ്ങൾ ഞങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്''

2021 ൽ ജർമൻ ബുണ്ടസ് ലീഗയിൽ അരങ്ങേറിയ ബയേൺ ബൊറൂഷ്യ ഡോട്മുണ്ട് ആവേശപ്പോരിന് ശേഷം ഏറെ വികാരാധീനനായിരുന്നു ജൂഡ് ബെല്ലിങ്ങാം. മത്സരത്തിൽ ബയേൺ 3-2 ന് ബൊറൂഷ്യയെ തകർത്തു. കളിയിൽ റഫറിയെടുത്ത പല തീരുമാനങ്ങളേയും മൈതാനത്ത് വച്ച് തന്നെ ബൊറൂഷ്യ താരങ്ങൾ ചോദ്യം ചെയ്യുന്നത് കാണാമായിരുന്നു. ബൊറൂഷ്യക്ക് അർഹിച്ചൊരു പെനാൽട്ടി അനുവദിക്കാതത്തതും ബയേണിന് പെനാൽട്ടി അനുവദിച്ചതുമൊക്കെ ബൊറൂഷ്യ താരങ്ങളെ ചൊടിപ്പിച്ചു. കളിക്ക് ശേഷം ബൊറൂഷ്യ താരം ജൂഡ് ബെല്ലിങ്ഹാം മാധ്യമങ്ങളോട് ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. കളി നിയന്ത്രിച്ച റഫറി ഫെലിക്‌സ് സ്വായർ മുമ്പ് മാച്ച് ഫിക്‌സിങ്ങിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു.

ഇതിപ്പോൾ പറയാനെന്താണ് കാര്യം. കാര്യമുണ്ട്. യൂറോകപ്പിൽ ഇംഗ്ലണ്ട് നെതർലാന്റ് സെമി പോരാട്ടം നിയന്ത്രിക്കാൻ പോകുന്നത് ഫെലിക്‌സ് സ്വായറാണ്. ഇതോടെ ജൂഡ് ബെല്ലിങ്ഹാമും സ്വായറും വീണ്ടും നേർക്കു നേർ വരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു ആരാധകർ. 2021 ൽ സ്വായർക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ ബുണ്ടസ് ലീഗ ബെല്ലിങ്ഹാമിന് 40,000 യൂറോ പിഴ ചുമത്തിയിരുന്നു. അന്ന് ജൂഡിനെ പിന്തുണച്ച് ഡോട്മുണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഹാൻസ് ജോക്കിം രംഗത്തെത്തി. ജൂഡ് അനവസരത്തിലാണ് പ്രസ്താവന നടത്തിയതെങ്കിലും പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് എന്നാണ് ജോക്കിം പറഞ്ഞത്.

2005 ലാണ് സ്വായർ മാച്ച് ഫിക്‌സിങ്ങിന് ശിക്ഷിക്കപ്പെട്ടത്. 2004 ൽ നടന്ന വുപ്പർട്ടാലർ എസ്.വി- വെർഡർ ബ്രമൻ മത്സരത്തിൽ വുപ്പർട്ടാലറിന് അനുകൂലമായി തീരുമാനമെടുക്കാൻ പണം കൈപ്പറ്റി എന്നായിരുന്നു സ്വായർക്കെതിരായ ആരോപണം. പിന്നീടത് തെളിയിക്കപ്പെട്ടു. ജർമൻ ഫുട്‌ബോളിനെ പിടിച്ച് കുലുക്കിയ വിവാദത്തിൽ മത്സരത്തിലെ പ്രധാന റഫറി റോബർട്ട് ഹോയ്‌സർക്ക് ആജീവനാന്ത വിലക്കും രണ്ട് വർഷം ജയിൽ ശിക്ഷയും വിധിക്കപ്പെട്ടു. ഫിക്‌സിങ്ങിൽ പങ്കാളിയായ സ്വായറെ ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ ആറ് മാസത്തേക്ക് ബാന്‍ ചെയ്തു. ഹോയ്‌സറുടെ കയ്യിൽ നിന്ന് 300 യൂറോ സ്വായർ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

എന്നാല്‍  വിലക്കിന് ശേഷം വീണ്ടും സ്വായർ മൈതാനങ്ങളിൽ സജീവമായി. ഈ യൂറോയിൽ നെതർലാന്റ്‌സ് റൊമാനിയ മത്സരം നിയന്ത്രിച്ചത് സ്വായറാണ്. 2023 യുവേഫ നാഷൻസ് ലീഗ് ഫൈനൽ നിയന്ത്രിച്ചതും സ്വായറായിരുന്നു.

യൂറോ സെമി പോരാട്ടത്തിന് തൊട്ട് മുമ്പ് റഫറിയെ ചുറ്റി പറ്റി ഉയരുന്ന വിവാദത്തിൽ ഇംഗ്ലീഷ് താരം ലൂക്ക് ഷോയോട് മാധ്യമ പ്രവർത്തകർ പ്രതികരണമാരാഞ്ഞു. എന്നാൽ അതിൽ ആശങ്കയില്ലെന്നും യുവേഫയുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നുമായിരുന്നു ഷോയുടെ പ്രതികരണം.

യൂറോകപ്പിൽ ഇംഗ്ലണ്ട് നെതർലാന്റ് സെമി പോരാട്ടം നിയന്ത്രിക്കുന്ന ഫെലിക്‌സ് സ്വായർ 2005 ല്‍ ഒത്തു കളിക്ക് ശിക്ഷിക്കപ്പെട്ട റഫറി. 2004 ൽ നടന്ന വുപ്പർട്ടാലർ എസ്.വി- വെർഡർ ബ്രമൻ മത്സരത്തിൽ വുപ്പർട്ടാലറിന് അനുകൂലമായി തീരുമാനമെടുക്കാൻ പണം കൈപ്പറ്റി എന്നായിരുന്നു സ്വായർക്കെതിരായ ആരോപണം. പിന്നീടത് തെളിയിക്കപ്പെട്ടു. ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അന്ന് സ്വായര്‍ക്ക് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെ 2021 ല്‍ നടന്ന ബയേണ്‍- ബൊറൂഷ്യ പോരാട്ടത്തിന് ശേഷം ജൂഡ് ബെല്ലിങ്ഹാം ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News