യൂറോയില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഹോളണ്ടും ബെല്‍ജിയവും; കോപ്പയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം പോരാട്ടത്തിന്

ആദ്യ മത്സരത്തിലെ വിജയത്തിന്റെ ബലത്തില്‍ ഇന്നത്തെ പോരാട്ടം കൂടി ജയിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നുകയറുകയാകും ബെല്‍ജിയത്തിന്റെ മുന്നിലുള്ള ലക്ഷ്യം. എന്നാല്‍, ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ ഇന്ന് ഡെന്മാര്‍ക്കിന് നിര്‍ണായകമാണ്

Update: 2021-06-17 11:47 GMT
Editor : Shaheer | By : Web Desk
Advertising

യൂറോകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പ്രമുഖ ടീമുകളില്‍ ഇന്നിറങ്ങുന്നു. യുക്രൈന്‍-വടക്കന്‍ മാസിഡോണിയ, ഡെന്മാര്‍ക്ക്-ബെല്‍ജിയം, ഹോളണ്ട്-ഓസ്ട്രിയ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്. അതേസമയം, കോപ അമേരിക്കയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. വെനസ്വല-കൊളംബിയ, ബ്രസീല്‍-പെറു എന്നിവയാണ് ഇന്നത്തെ കോപ പോരാട്ടങ്ങള്‍.

ഗ്രൂപ്പ് 'സി'യില്‍ ഇന്ന് യുക്രൈനും വടക്കന്‍ മാസിഡോണിയയ്ക്കും ജീവന്മരണ പോരാട്ടമാണ്. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും പരാജയം നേരിട്ടിരുന്നു. ഇന്ത്യന്‍ സമയം 6.30ന് നടക്കുന്ന മത്സരത്തില്‍ ജയിച്ച ടീമിന് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാം. തോല്‍ക്കുന്ന ടീമിന് ഏറെക്കുറെ പുറത്തേക്കുള്ള വഴിയും തുറക്കും.

9.30നാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഡെന്മാര്‍ക്ക്-ബെല്‍ജിയം മത്സരം. ഗ്രൂപ്പ് 'ബി'യില്‍ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ബലത്തില്‍ ഇന്നത്തെ പോരാട്ടം കൂടി ജയിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്നുകയറുകയാകും ബെല്‍ജിയത്തിന്റെ മുന്നിലുള്ള ലക്ഷ്യം. എന്നാല്‍, ആദ്യ മത്സരത്തില്‍ കരുത്തരായ ഡെന്മാര്‍ക്ക് ഫിന്‍ലാന്‍ഡിനോട് ഒരു ഗോളിന് തോറ്റിരുന്നു. ഇതിനാല്‍, ഇന്നത്തെ മത്സരം അവര്‍ക്ക് നിര്‍ണായകമാണ്.

12.30ന് ആംസ്റ്റര്‍ഡാം അറീന സ്‌റ്റേഡിയത്തിലാണ് ഗ്രൂപ്പ് 'സി'യിലെ ഹോളണ്ട്-ഓസ്ട്രിയ മത്സരം. ആദ്യ മത്സരത്തിലെ ജയത്തിന്റെ കരുത്തിലാണ് രണ്ടാം മത്സരത്തിന് ഇരു ടീമുകളുമിറങ്ങുന്നത്. എന്നിരുന്നാലും, കരുത്തരായ ഹോളണ്ടിനു തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

കോപ അമേരിക്കയില്‍ കൊളംബിയയും വെനസ്വെലയും തമ്മിലാണ് ആദ്യ മത്സരം. ബ്രസീലിലെ എസ്റ്റാഡിയോ ഒളിംപികോ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. പുലര്‍ച്ചെ 5.30നാണ് ഗ്രൂപ്പ് 'എ'യിലെ കരുത്തരായ ബ്രസീല്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഒളിംപിക് സ്റ്റേഡിയത്തില്‍ പെറുവിനെയാണ് ബ്രസീല്‍ നേരിടുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News