'തീവ്രവലതുപക്ഷം പടിവാതില്‍ക്കലെത്തി'; ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ പരസ്യനിലപാടുമായി കിലിയൻ എംബാപ്പെ

'നമ്മുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തൊരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'

Update: 2024-06-24 17:52 GMT
Advertising

''ഫ്രാൻസിലെ ജനങ്ങളോടാണ്. പ്രത്യേകിച്ച് യുവാക്കളോട്. തീവ്രലതുപക്ഷക്കാർ അധികാരത്തിന്റെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. നമ്മുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തൊരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  രാജ്യത്തിന്റെ ഭാവിയെ നിർണയിക്കണ്ടത് നമ്മള്‍ തന്നെയാണ്. ഒന്നിച്ച് നിന്നാല്‍ നമുക്ക് മാറ്റങ്ങൾ സൃഷ്ടിക്കാനാവും'' 

 യൂറോ കപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിന് തൊട്ട് മുമ്പ് ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിൽ പാർലമെന്റ്‌റി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂൺ 30 നും ജൂലൈ 17 നുമിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. എക്സിറ്റ് പോളുകള്‍ പലതും ഇക്കുറി രാജ്യത്ത് തീവ്രവലതുപക്ഷം അധികാരത്തിലേറുമെന്നാണ് പ്രവചിക്കുന്നത്. 

ഇതോടെ രാജ്യത്തെ കായിക താരങ്ങള്‍ ഒന്നടങ്കം വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. യുവാക്കളോട് വലതുപക്ഷ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടായി. ഇക്കൂട്ടത്തില്‍ നിലവില്‍ യൂറോ കപ്പില്‍ പന്ത് തട്ടുന്ന പല പ്രമുഖ ഫുട്ബോള്‍ താരങ്ങളുമുണ്ടായിരുന്നു. ഒസ്മാന്‍ ഡെംബാലെ, മാര്‍ക്കസ് തുറാം തുടങ്ങിയവരൊക്കെ തങ്ങളുടെ നിലപാട് വ്യക്തമാക്കി.  200 ലധികം കായിക താരങ്ങളാണ് തീവ്രവലതുപക്ഷത്തിന് വോട്ട് ചെയ്യരുത് എന്ന് രാജ്യത്തോട് ആഹ്വാനം ചെയ്ത് കൊണ്ടുള്ള തുറന്ന കത്തിൽ ഒപ്പ് വച്ചത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വലതു പക്ഷ രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിലുള്ളത്.

“നമ്മുടേയും നമ്മുടെ കുട്ടികളുടേയും ഭാവിയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? തീവ്ര വലതുപക്ഷം ഭരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലേതിന് സമാനമായി പരസ്പരം ഭയന്ന് ജീവിക്കുന്ന നമ്മുടെ കുട്ടികളെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. തീവ്രവലതുപക്ഷത്തിൻ്റെ ഉദയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കാന്‍ എല്ലാ കായിക പ്രേമികളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.  വോട്ട് ചെയ്യുന്നത് പൗര ധർമ്മം മാത്രമല്ല, അത് നമ്മുടെ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടും നമുക്കുള്ള  സ്‌നേഹം കൂടിയാണ് പ്രതിഫലിപ്പിക്കുക''- കത്തില്‍ പറയുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News