ആറ്റുനോറ്റിരുന്ന് ലോകകപ്പ് ലൈവ് സ്ട്രീം കാണാനിരുന്നതാണ്, ഇങ്ങനെയുമുണ്ടോ 'ബഫറിങ്' ; ജിയോ സിനിമക്കെതിരെ വിമര്‍ശനം
ഉദ്ഘാടനമത്സരം തന്നെ കുളമാക്കിയായിരുന്നു ജിയോയുടെ സ്ട്രീമിംഗ്
ഡല്‍ഹി: ഖത്തര്‍ ലോകകപ്പ് തത്സമയം സ്ട്രീ ചെയ്യുന്നത് സൗജന്യമായി കാണാന്‍ കാത്തിരുന്ന കളി ആരാധകരെ വെറുപ്പിച്ച് ജിയോ സിനിമ. ഉദ്ഘാടനമത്സരം തന്നെ കുളമാക്കിയായിരുന്നു ജിയോയുടെ സ്ട്രീമിംഗ്. ബഫറിങ് കാരണം കളി പൂര്‍ണമായി ആസ്വദിക്കാന്‍ പോലും കളിപ്രേമികള്‍ക്ക് സാധിച്ചില്ല. ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ജിയോ സിനിമ ആപ്പിൽ പ്രക്ഷേപണം ആരംഭിച്ചപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ഇതിന് ജിയോ ക്ഷമ പറഞ്ഞ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെങ്കിലും ആപ് അപ്ഡേറ്റ് ചെയ്തിട്ടും ഫലമുണ്ടായില്ല.
ആദ്യം മൊബൈലിന്‍റെയോ ഇന്‍റര്‍നെറ്റിന്‍റെയോ പ്രശ്നമാണെന്ന് കരുതി പലരും സോഷ്യല്‍മീഡിയയില്‍ സംശയമുയര്‍ത്തിയെങ്കിലും പിന്നീടാണ് ജിയോ തന്നെയാണ് 'പണി' കൊടുത്തതെന്ന് മനസിലായത്. കളി കാണുന്നത് തടസപ്പെട്ടപ്പോള്‍ മുകേഷ് അംബാനിക്കെതിരെയും തിരിഞ്ഞു. ജിയോ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കയറി പ്രശ്നം ഉയര്‍ത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സ്വസ്ഥമായിരുന്നു ലാപ് ടോപ്പിലൂടെയും മൊബൈലിലൂടെയുമെല്ലാം ഖത്തര്‍-ഇക്വഡോര്‍ മത്സരം കാണാന്‍ കാത്തിരുന്നവരെയാണ് ജിയോ നിരാശരാക്കിയത്.
''ജിയോ സിനിമയിൽ വേൾഡ് കപ്പ് സംപ്രേഷണം ലാഗാണെന്ന് പറയുന്നവരോട് ലെ അംബാനി (മേനൻ) " നിങ്ങൾ ഒരു വേൾഡ് കപ്പ് സ്ട്രീമിങ് കോണ്ട്രാക്റ്റ് എടുത്തിട്ടുണ്ടോ . ഓടിടി ഓടിച്ചിട്ടുണ്ടോ? ഡാറ്റാസെന്‍റര്‍ നടത്തുന്നതെങ്ങനെയാണെന്നറിയാമോ മിനിമം ബഫറിങ് എന്താണെന്നെങ്കിലും പഠിച്ചിട്ട് വിമർഷിക്കൂ സുഹൃത്തേ! " എന്നായിരുന്നു അനിവര്‍ അരവിന്ദ് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ജിയോയില്‍ മത്സരം കാണാനിരുന്ന എഴുത്തുകാരന്‍ എന്‍.എസ് മാധവനും നിരാശ പ്രകടിപ്പിച്ചു. ''ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിക്ക് തന്‍റെ ക്രൂരമായ ജിയോ ആപ്പ് ഉപയോഗിച്ച് ലോകകപ്പ് സുഗമമായി നടത്താന്‍ കഴിയില്ല. ലോകത്തിലെ മറ്റൊരു ധനികനായ ഇലോണ്‍ മസ്കിന് ഒരു മൈക്രോ ബ്ലോഗിംഗ് ആപ് പ്രവര്‍ത്തിപ്പിക്കാനാകാത്തതു പോലെ'' എന്നായിരുന്നു എന്‍.എസ് മാധവന്‍റെ ട്വീറ്റ്.
സ്ലോ മോഷനിൽ കളിക്കാൻ പഠിക്കാത്തതുകൊണ്ടും ആവും, ആന്ധ്രയിലും കൊറിയയിലും ഇതൊന്നുമില്ലല്ലോ!,ഹാവൂ.. സമാധാനമായി.. എല്ലാവരും തുല്യ ദുഖിതരാണെന്നറിഞ്ഞപ്പോ, ''ആരും കാണാതെ തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോകുന്ന പോലെ കുത്തക മുതലാളി ബൂർഷ്വാ അംബാനി യുടെ ജിയോ സിനിമ ആപ്പിൽ ഫിഫ വേൾഡ് കപ്പ് കണ്ടിട്ടു അവൻ വീണ്ടും പറഞ്ഞു " #ജിയോ സിം എടുക്കരുത് റിലയൻസ് നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യും"എന്നിങ്ങനെ പോകുന്നു മറ്റു കമന്‍റുകള്‍. ജിയോ സിനിമയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.
ജിയോ സിനിമ തന്നെ തങ്ങളുടെ സ്ട്രീമിംഗിനെ കളിയാക്കി രംഗത്തുവന്നിരുന്നു.ബഫറിങ് പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഒടിടി വിപണിയിലെ അവസരങ്ങൾ മുന്നിൽ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം 18 ഖത്തർ ലോകകപ്പ് സൗജന്യമായി സംപ്രേഷണം ചെയ്യുന്നത്. നിബന്ധനകളില്ലാതെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും ഇത്തരത്തില്‍ സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്ന രീതി രാജ്യത്ത് ഇത് ആദ്യമായിരുന്നു. റിലയന്‍സിന്റെ ടിവി18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ലോകകപ്പിന്‍റെ ടിവി ബ്രോഡ്കാസ്റ്റിംഗ് അവകാശവും വിയാകോമിന് തന്നെയാണ്.
ടെലിവിഷന്‍-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അമൂല്‍, മഹീന്ദ്ര, എസ്ബിഐ, ഇന്റല്‍ അടക്കമുള്ള നിരവധി ബ്രാന്‍ഡുകള്‍ വിയാകോമുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ബൈജൂസിന്‍റെ പുതിയ ക്യാമ്പെയിനും ലോകകപ്പിനെത്തും. പരസ്യങ്ങളില്‍ നിന്ന് 300 കോടിയോളം രൂപ വിയാകോമിന് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.