ഇന്ത്യയ്ക്കുള്ള വിലക്ക് നീക്കി ഫിഫ
വിലക്ക് പ്രഖ്യാപിച്ച് പത്ത് ദിവസത്തിനു ശേഷം നടപടി പിൻവലിക്കുന്നത്.
ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. ഫിഫ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വിലക്ക് പ്രഖ്യാപിച്ച് പത്ത് ദിവസത്തിനു ശേഷം നടപടി പിൻവലിക്കുന്നത്. എന്നാൽ താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി കമ്മിറ്റി അംഗീകരിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ഫിഫയുടെ മേൽനോട്ടത്തിൽ നടക്കും.
അസോസിയേഷനിൽ പുറത്ത് നിന്നുള്ള കൈകടത്തൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫിഫയുടെ നടപടി. ഇതോടെ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.
എന്നാൽ വിലക്ക് നീക്കിയതോടെ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും. വിലക്ക് വന്നതോടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രിംകോടതി താൽക്കാലിക ഭരണസമിതി രൂപീകരിച്ചിരുന്നു.
ഇതിനെതിരെ ഫിഫ രംഗത്തുവരികയും ചെയ്തിരുന്നു. ഈ മാസം 28ന് അസോസിയേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.
ഫിഫയുടെ വിലക്കിനെ തുടർന്ന് ഈ മാസം 20ന് യുഎഇയിൽ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ സന്നാഹ മത്സരങ്ങൾ റദ്ദാക്കിയിരുന്നു. യുഎഇ ക്ലബ്ബുകളുമായി നടക്കേണ്ട മൂന്ന് മത്സരങ്ങളാണ് റദ്ദാക്കിയത്.