12 റണ്‍സിന് ആറ് വിക്കറ്റ്! സിറാജിന്‍റെ തീപ്പന്തില്‍ ലങ്കാദഹനം
നാലാം ഓവറില്‍ നാല് ശ്രീലങ്കന്‍ ബാറ്റര്‍മാരെയാണ് സിറാജ് കൂടാരം കയറ്റിയത്
കൊളംബോ: പേസ് ബോളർ മുഹമ്മദ് സിറാജ് തീപ്പന്തുമായി അവതരിച്ചപ്പോൾ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം കയറിയത്. ഒരോവറിൽ നാല് വിക്കറ്റടക്കം അഞ്ച് ശ്രീലങ്കൻ ബാറ്റർമാരെ പുറത്താക്കിയ മുഹമ്മദ് സിറാജ് അക്ഷരാർത്ഥത്തിൽ ശ്രീലങ്കൻ ആരാധകരെ ഞെട്ടിച്ച് കളഞ്ഞു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ആദ്യ ഓവർ മുതൽ തന്നെ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ ഓപ്പണർ കുശാൽ പെരേറയെ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ വരാനിരിക്കുന്ന വൻദുരന്തത്തിന്റെ സൂചന നൽകി. രണ്ടാം ഓവർ എറിയാനെത്തിയ സിറാജിന്റെ ഒരു പന്ത് പോലും റണ്ണിലേക്ക് പായിക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്കായില്ല. ബുംറയുടെ മൂന്നാം ഓവറിൽ പിറന്നത് ഒരു റൺസ്. പിന്നീടാണ് സിറാജ് കൊടുങ്കാറ്റ് അവതരിച്ചത്.
നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ സിറാജ് ജഡേജയുടെ കയ്യിലെത്തിച്ചു. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് ലങ്കയുടെ അടിവേരിളക്കി.
ബുംറയുടെ അടുത്ത ഓവർ മെയ്ഡിനിൽ കലാശിച്ചു. ആറാം ഓവർ എറിയാനെത്തിയ സിറാജ് നാലാം പന്തിൽ ദസൂൻ ശനകയുടെ കുറ്റി തെറിപ്പിച്ച് വെറും മൂന്നോവറിൽ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഒരോവറിൽ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ബോളറാണ് സിറാജ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക പത്തോവറിൽ 31 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്