മാഡ്രിഡല്ല, മാഞ്ചസ്റ്ററല്ല; കാണികളെ കൊണ്ട് നിറഞ്ഞ് മഞ്ചേരി
മത്സരത്തിന് വിസിൽ മുഴങ്ങും മുമ്പു തന്നെ ഗ്യാലറി നിറഞ്ഞിരുന്നു
മലപ്പുറം: ഇത് മാഡ്രിഡല്ല, മാഞ്ചസ്റ്ററല്ല, മഞ്ചേരിയാണ്.... സന്തോഷ് ട്രോഫിയുടെ ഉദ്ഘാടന ദിനം പയ്യനാട് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആരാധകരെ വിശേഷിപ്പിച്ച് പങ്കുവയ്ക്കപ്പെട്ട ഒരു ട്വിറ്റർ വീഡിയോ കുറിപ്പാണിത്. ആ വാക്കുകളിലുണ്ട് മലപ്പുറത്തിന്റെ എല്ലാ ഫുട്‌ബോൾ ആവേശവും. റമദാൻ കാലത്തും ഇരുപതിനായിരത്തിലേറെ പേരാണ് കേരളം-രാജസ്ഥാൻ മത്സരം കാണാനായി ഗ്യാലറിയില്‍ ഒത്തുകൂടിയത്.
മത്സരത്തിന് വിസിൽ മുഴങ്ങും മുമ്പു തന്നെ ഗ്യാലറി നിറഞ്ഞിരുന്നു. ആദ്യ പകുതി പിന്നിടുന്ന വേളയിലും ആരാധകരുടെ ഒഴുക്കു നിലച്ചില്ല. പുറത്ത് ഗേറ്റ് അടച്ചത് ചില്ലറ കശപിശയ്ക്കും കാരണമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും വളണ്ടിയർമാരും പാടുപെടുകയും ചെയ്തു.
കേരളത്തിന്റെ ഒരോ നീക്കങ്ങളിലും ഗ്യാലറി അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. വുവുസേലയോട് സാമ്യമുള്ള നീളൻ പീപ്പികൾ ആരവത്തിന് മാറ്റുകൂട്ടി. ആരാധകർ നടത്തിയ മെക്‌സിക്കൻ തിരമാല ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കും വിധമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നടത്തിയ ചാന്റും മൊബൈൽ ഫ്‌ളാഷ് ഡാൻസും ആവേശം വാനിലെത്തിച്ചു.
കാണികളുടെ ആവേശം മുഴുവൻ കാലിലേക്ക് ആവാഹിച്ച കേരളത്തിന്റെ ചുണക്കുട്ടികൾ എതിരില്ലാത്ത അഞ്ചു ഗോളിനാണ് രാജസ്ഥാനെ കെട്ടുകെട്ടിച്ചത്. നായകൻ ജിജോ ജോസഫ് ഹാട്രിക് നേടി. നിജോ ഗിൽബർട്ട്, അജയ് അലക്‌സ് എന്നിവരാണ് മറ്റു സ്‌കോറർമാർ. ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0ത്തിന് മുമ്പിലായിരുന്നു ആതിഥേയർ.
എന്നാൽ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി മൈതാനത്തു നടന്ന ആദ്യ മത്സരത്തിൽ കാണികളെത്തിയില്ല. റമദാനും വെയിലും കാണികളുടെ ഒഴുക്കിനെ ബാധിച്ചു. എന്നാൽ ഇനിയുള്ള മത്സരങ്ങൾ വൈകിട്ട് നാലിനാണ് ആരംഭിക്കുന്നത്. കേരളത്തിന്റെ മത്സരങ്ങളൊന്നും കോട്ടപ്പടി സ്റ്റേഡിയത്തിലില്ല. ആദ്യമായാണ് മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്.