അഭയാർത്ഥി ക്യാംപിൽ പിറന്നവൻ; ഖത്തറിൽ കാനഡയുടെ തുറുപ്പുചീട്ട്
ബയേണിനായി മിന്നും പ്രകടനം നടത്തുന്ന ഡേവിസിൽ തന്നെയാണ് കാനഡയുടെ പ്രതീക്ഷകളെല്ലാം
ദോഹ: കാനഡയുടെ ലോകകപ്പ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഏവർക്കും പ്രചോദനം നൽകുന്ന ട്വീറ്റുമായി ബയേൺ മ്യൂണിക്കിന്റെ അൽഫോൺസോ ഡേവിസ്. 'അഭയാർത്ഥി ക്യാംപിൽ പിറന്ന കുട്ടി ജീവിതത്തിൽ ഒന്നും നേടുമെന്ന് ആരും കരുതില്ല. എന്നാൽ, ഇപ്പോൾ ഇതാ ആ കുട്ടി ലോകകപ്പ് കളിക്കാൻ പോകുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യബോധം ഇല്ലാത്തവ ആണെന്നു ആരു പറഞ്ഞാലും കേൾക്കരുത്, സ്വപ്നം കാണുക,നേട്ടങ്ങൾ കൈവരിക്കുക' താരം ട്വിറ്ററിൽ കുറിച്ചു. ബയേണിനായി മിന്നും പ്രകടനം നടത്തുന്ന ഡേവിസിൽ തന്നെയാണ് കാനഡയുടെ പ്രതീക്ഷകളെല്ലാം.
മികച്ച യുവനിരയുമായാണ് 36 വർഷങ്ങൾക്ക് ശേഷം കാനഡ ലോകകപ്പിന് എത്തുന്നത്. ഗ്രൂപ്പ് എഫിൽ ബെൽജിയം, ക്രൊയേഷ്യ, മൊറോക്ക ടീമുകൾക്ക് ഒപ്പമാണ് കാനഡ. ഘാനയിലെ അഭയാർത്ഥി ക്യാമ്പിൽ ലൈബീരിയൻ മാതാപിതാക്കളുടെ 6 മക്കളിൽ നാലാമനായാണ് ഡേവിസ് ജനിക്കുന്നത്. ലൈബീരിയൻ ആഭ്യന്തര യുദ്ധം കാരണം നാട് വിട്ടു ഓടേണ്ടി വന്ന ലക്ഷക്കണക്കിന് ആളുകളിൽപ്പെട്ടവരായിരുന്നു ഡേവിസിന്റെ മാതാപിതാക്കൾ. 2005 ലാണ് ഡേവിസിന്റെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്.
2019 ലാണ് ജർമൻ ചാമ്പ്യന്മാർ ഡേവിസിനെ ടീമിലെത്തിക്കുന്നത്. ഇതിനകം തന്നെ തന്റെ പ്രകടനം കൊണ്ട് ടീമിലെ നിർണായക സാന്നിധ്യമാകാൻ ഡേവിസിന് സാധിച്ചു. ഖത്തർ ലോകകപ്പിൽ മികച്ച ടീമുകൾ അണിനിരക്കുന്ന ഗ്രൂപ്പ് എഫിലാണെങ്കിലും ആരെയും അട്ടിമറിക്കാൻ കഴിവുള്ള ടീം തന്നെയാണ് ഡേവിസിന്റെ കാനഡ.