റയൽ മാഡ്രിഡിലേക്ക് ഒരു മലയാളി പയ്യൻ;സ്വപ്നനേട്ടം കൊയ്ത് നാലരവയസുകാരൻ
ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങൾ കണ്ട അക്കാദമിയിൽ നിന്ന് വിളിയെത്തി
റയൽ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാൻ ഒരു മലയാളി തയ്യാറെടുക്കുന്നു. ജർമൻ സൂപ്പർ താരത്തിനൊപ്പം പരിശീലനത്തിന് പോകുന്ന ഈ മലയാളിയുടെ പ്രായം കേട്ടാൽ നമ്മൾ ഒന്ന് കണ്ണ് മിഴിക്കും. വെറും നാലര വയസുള്ള ആരോൺ റാഫയേലാണ് ആ ഫുട്‌ബോൾ പ്രതിഭ.
കിക്ക് ഇൻറ്റു 2022 എന്ന ടോണി ക്രൂസ് ഗ്ലോബൽ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതിനായി ഒരു ട്രിക് ഷോട്ട് അയച്ച് കൊടുക്കുന്നത് വഴിയാണ് ആരോണിന്റെ ഫുട്ബോൾ പരിശീലനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നത്. ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങൾ കണ്ട അക്കാദമിയിൽ നിന്ന് വിളിയെത്തി.
പത്തു മാസം പ്രായമുള്ളപ്പോൾ മുതലാണ് ആരോൺ ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതെന്നാണ് അച്ഛൻ പറയുന്നത്. ഫുട്‌ബോളിനോടുള്ള മകന്റെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും രാവിലെ മകന് പരിശീലനം നൽകാൻ തുടങ്ങി. നാലു വയസ്സ് തികഞ്ഞപ്പോൾ അക്കാദമിയിൽ കൊണ്ടുപോയി.അങ്ങനെ ബാംഗ്ലൂർ എഫ്.സിയിൽ പരിശീലനം തുടങ്ങി. അവിടെ നിന്ന് റയൽ മാഡ്രിഡിലേക്ക് വിളിയെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ആരോണിന്റെ മാതാപിതാക്കൾ പറയുന്നു. സ്വപ്ന തുല്യമായ ആ പരിശീലനത്തിനായി കാത്തിരിക്കുകയാണ് ചാലക്കുടി സ്വദേശിയായ ആരോണും കുടുംബവും.