ഡെംബലെക്കു പകരം ബാഴ്‌സ നോക്കുന്നത് 'ഗോളടിക്കാത്ത' സ്‌ട്രൈക്കറെ | Football Transfer

വിങ്ങറായും സ്‌ട്രൈക്കറായും വിങ് ബാക്കായും വരെ കളിക്കാൻ ശേഷിയുള്ള താരമാണ് ഈ 25-കാരൻ

Update: 2022-08-30 10:21 GMT
Editor : André | By : Web Desk
Advertising

ആക്രമണതാരം ഉസ്മാൻ ഡെംബലെയുടെ കാര്യത്തിൽ ബാഴ്‌സലോണ ക്ഷമയുടെ നെല്ലിപ്പടി കണ്ടിരിക്കുകയാണ്. ഈ സീസണോടെ കരാർ അവസാനിപ്പിക്കുന്ന താരത്തെ ടീമിൽ നിലനിർത്താനാണ് ബാഴ്‌സ മാനേജ്‌മെന്റിന്റെ താൽപര്യമെങ്കിലും പ്രായോഗികമല്ലാത്ത ആവശ്യങ്ങളാണ് കരാർ പുതുക്കുന്നതിനായി ഫ്രഞ്ച് താരം മുന്നോട്ടു വെക്കുന്നത്. കരാർ പുതുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്ത് അറിയിക്കാൻ ഡിസംബർ അവസാനം വരെ ക്ലബ്ബ് സമയം നൽകിയെങ്കിലും താരം വ്യക്തമായ മറുപടി നൽകിയില്ല. ഇതോടെ, ജനുവരിയിലെ ട്രാൻസ്ഫർ കാലയളവ് അവസാനിക്കും മുമ്പേ താരത്തെ വിറ്റൊഴിവാക്കാനും പകരം മറ്റൊരു താരത്തെ കൊണ്ടുവരാനുമാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.



ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വൂൾവറാംപ്ടൺ വാണ്ടറേഴ്‌സിന്റെ താരമായ അഡമ ട്രവോറെയെയാണ് ഡെംബലെയുടെ പകരക്കാരനായി ബാഴ്‌സ കാണുന്നതെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്‌സയുടെ യൂത്ത് അക്കാദമിയിൽ കളി പഠിച്ച ട്രവോറെ ഡ്രിബ്ലിങ് മികവിലും എതിർ ബോക്‌സിലേക്ക് പന്തെത്തിക്കുന്നതിലും ഡെംബലെയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ്. ബാഴ്‌സയ്ക്കു വേണ്ടി ഒരു മത്സരത്തിൽ മാത്രം ബൂട്ടണിയാൻ ഭാഗ്യം ലഭിച്ച ട്രവോറെ 2015-ൽ ആസ്റ്റൻ വില്ലയിലേക്കാണ് കൂടുമാറിയത്. മിഡിൽസ്‌ബ്രോയിൽ രണ്ട് സീസൺ ചെലവഴിച്ച ശേഷം 2018-ലാണ് താരം വൂൾവ്‌സിൽ എത്തുന്നത്.

വിങ്ങറായും സ്‌ട്രൈക്കറായും വിങ് ബാക്കായും വരെ കളിക്കാൻ ശേഷിയുള്ള ട്രവോറെക്കു വേണ്ടി പ്രീമിയർ ലീഗിൽ തന്നെയുള്ള മറ്റു ക്ലബ്ബുകളും രംഗത്തുള്ളതിനാൽ ബാഴ്‌സയുടെ ശ്രമങ്ങൾ എളുപ്പമാവില്ലെന്നാണ് കരുതുന്നത്. ടോട്ടനം ഹോട്‌സ്പറും ആർസനലുമാണ് 25-കാരനെ സ്വന്തമാക്കാൻ സജീവമായി രംഗത്തുള്ളത്. 22 ദശലക്ഷം പൗണ്ട് ലഭിക്കുകയാണെങ്കിൽ താരത്തെ പോകാൻ അനുവദിക്കാമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇതുവരെ ആരും ഓഫറുമായി സമീപിച്ചിട്ടില്ലെന്നും ട്രവോറെ ടീമിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും വൂൾവ്‌സ് മാനേജർ ബ്രുനോ ലാഗെ പറയുന്നത്. ട്രവോറെയുടെ കരാറിൽ ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ടെന്നും താരവുമായി സംസാരിച്ചപ്പോൾ തുടരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായും ലാഗെ പറയുന്നു.

അതേസമയം, ഡ്രിബ്ലിങ്ങിലും ശാരീരികക്ഷമതയിലും മികച്ചു നിൽക്കുമ്പോഴും മുന്നേറ്റ താരമായ ട്രവോറെ ഗോളുകളുടെ കാര്യത്തിൽ പിശുക്കനാണ്. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ഗോളായിരുന്നു സമ്പാദ്യമെങ്കിൽ ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ നേടാനേ ട്രവോറെക്ക് കഴിഞ്ഞിട്ടുള്ളൂ. ട്രവോറെയുമായി സിങ്ക് ചെയ്ത് കളിക്കാൻ കഴിയുന്ന താരങ്ങൾ വൂൾവ്‌സിൽ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

(Summary: Adama Traore in Barca's radar as a replacement to adamant Ousmane Dembele)

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News