പരിക്കേറ്റ് ലൂണ മടങ്ങുന്നു? പുതിയ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്
പത്താം സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ സമ്മാനിച്ച് അഡ്രിയാൻ ലൂണയുടെ പരിക്ക്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേൽക്കുന്നത്.
പഞ്ചാബ് എഫ്.സിയുമായുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. അതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ഗുരുതര പരിക്കായതിനാൽ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോൾ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീർഘനാൾ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് സീസണ്‍ അവസാനമാകും. അതിനാൽ തന്നെ ഈ സീസണിൽ ലൂണക്ക് ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഇലവനിൽ ഉറപ്പുള്ള താരമായ ലൂണയുടെ സാന്നിധ്യം ടീമിന് പോസിറ്റീവ് എനർജിയാണ് നൽകിയിരുന്നത്. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലുമുള്ള ലൂണയുടെ മികവിന് ആരാധകർ ഏറെയായിരുന്നു.
മിന്നും ഫോമിലുള്ള ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തന്ത്രങ്ങൾ മെനഞ്ഞിരുന്നതും. മിഡ്ഫീൽഡില്‍ കളി മെനയുന്ന ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താൻ മഞ്ഞപ്പട നിർബന്ധിതരാകും.
പത്താം സീസൺ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്. അതേസമയം ലൂണ പുറത്താകുമെന്ന് ഉറപ്പായതോടെ പുതിയ താരത്തെ ടീമിലെടക്കാനും ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നുണ്ട്. ഇതിനായി ജനുവരി ട്രാൻസ്ഫർ വിൻഡോ ഉപയോഗപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഗോവ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ഗോവക്ക് 20 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് 17 പോയിന്റുമാണ് ഉളളത്. മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്.
Summary-Adrian Luna is in Mumbai currently for his surgery, he will travel back to his home after the surgery