സൂപ്പർകപ്പും കിംഗ്‌സ് കപ്പും നഷ്ടമായി, അൽഹിലാലിനോട് തോറ്റു, പക്ഷേ ഞാൻ ഗോളടിച്ചു, സ്യൂ....'; റൊണാൾഡോയെ പരിഹസിച്ച് മുൻ അൽനസ്ർ മിഡ്ഫീൽഡർ

അൽനസ്‌റിനൊപ്പം പ്രധാന കിരീടങ്ങളൊന്നും നേടാനാകില്ലെന്ന് കണ്ടിട്ടും 38കാരനായ റൊണാൾഡോക്ക് എന്താണിത്ര സന്തോഷമെന്നായിരുന്നു അഡ്രിയാന്റെ ചോദ്യം

Update: 2023-05-02 13:15 GMT
Advertising

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമൂഹമാധ്യത്തിൽ പരിഹസിച്ച് മുൻ അൽനസ്ർ മിഡ്ഫീൽഡർ അഡ്രിയാൻ മിയർസെജ്യൂസ്‌കി. മികച്ച മേൽവിലാസവുമായി വൻ തുകയ്ക്ക് ടീമിലെത്തിയിട്ടും കപ്പൊന്നും നേടിക്കൊടുക്കാൻ താരത്തിന് കഴിയാത്തതിനെ തുടർന്നാണ് പോളണ്ടിന്റെ മുൻ അന്താരാഷ്ട്ര താരം കൂടിയായ അഡ്രിയാൻ മിയർസെജ്യൂസ്‌കി റൊണാൾഡോയെ പരിഹസിച്ചത്.

'നിങ്ങൾക്ക് സൂപ്പർകപ്പ് നഷ്ടപ്പെടുകയും കോപ്പ ഡെൽ റേ(കിംഗ്‌സ് കപ്പ്)യുടെ സെമി ഫൈനലിൽ നിങ്ങൾ പുറത്താകുകയും, ഡെർബിയിൽ ഹിലാലിനോട് തോൽക്കുകയും ചെയ്ത ആ നിമിഷം, അതായത് 99 ശതമാനവും ചാമ്പ്യൻഷിപ്പില്ലെന്ന് തീർച്ചയായ നേരം. പക്ഷേ, അൽ റാഇദിനെതിരെ നിങ്ങൾ സ്‌കോർ ചെയ്യുകയും നിങ്ങളുടെ ടീം 4-0 ന് വിജയിക്കുകയും ചെയ്തു'' ട്വിറ്ററിൽ അഡ്രിയാൻ കുറിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ ഗോളടിച്ചപ്പോൾ റൊണാൾഡോ നടത്തിയ സ്യൂ ആഘോഷത്തിന്റെ വീഡിയോ സഹിതമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അൽനസ്‌റിനൊപ്പം പ്രധാന കിരീടങ്ങളൊന്നും നേടാനാകില്ലെന്ന് കണ്ടിട്ടും 38കാരനായ റൊണാൾഡോക്ക് എന്താണിത്ര സന്തോഷമെന്നായിരുന്നു 2014 നും 2016 നും ഇടയിൽ ക്ലബിനായി രണ്ട് വർഷം കളിച്ച അഡ്രിയാന്റെ ചോദ്യം.

കിംഗ്സ് കപ്പ് സെമി ഫൈനലിൽ അൽ വഹ്ദയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് അൽനസ്ർ ടൂർണമെൻറിൽ നിന്ന് പുറത്തായിരുന്നു. ഇത് റൊണാൾഡോക്കും സംഘത്തിനും സീസണിലെ രണ്ടാം പുറത്താകലായിരുന്നു. റൊണാൾഡോ അൽനസ്റിൽ ചേർന്നതിനുശേഷം, ക്ലബ് സൗദി സൂപ്പർ കപ്പിൽനിന്ന് പുറത്തായിരുന്നു. സൗദി ലീഗിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.

അഞ്ച് തവണ ബാലൺ ദ്യോർ നേടിയ റൊണാൾഡോയെ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിലെ റെക്കോർഡ് തുക നൽകിയാണ് അൽനസ്ർ സ്വന്തമാക്കിയത്. 200 മില്യൻ ഡോളർ(ഏകദേശം 1,950 കോടി രൂപ) ആണ് റോണോക്ക് ക്ലബ് നൽകുന്ന വാർഷിക പ്രതിഫലം. കോച്ച് എറിക് ടെൻ ഹാഗുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ടീം പ്രവേശനം. മാഞ്ചസ്റ്റർ വിടുമ്പോൾ 100 മില്യൻ ഡോളറായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതിഫലം. രണ്ടര വർഷത്തേക്കുള്ള കരാറിലാണ് ക്രിസ്റ്റ്യാനോ അൽനസ്ർ ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്. 2025 വരെ ക്രിസ്റ്റ്യാനോ സൗദി ക്ലബിനായി കളിക്കേണ്ടി വരും. പരസ്യ വരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1,950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ.

അതേസമയം, അൽനസ്‌റിൽ നിന്ന് റൊണാൾഡോ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പുതിയ റോളിലായിരിക്കും താരം റയലിലെത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമമായ 'എൽ നാഷനൽ' റിപ്പോർട്ട് ചെയ്തു.

അൽനസ്റിൽ ക്രിസ്റ്റിയാനോ അധികകാലം തുടരില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സൗദി പ്രോ ലീഗിലെ വേണ്ടത്ര തിളങ്ങാനാകാത്തതിനൊപ്പം ഭാഷാപ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൗദി ലീഗും അൽനസ്ർ ക്ലബും പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന വിലയിരുത്തലുമുണ്ട്.

ഇതിനിടെയാണ് താരത്തെ ക്ലബിലെത്തിക്കാൻ റയൽ അധ്യക്ഷൻ പെരെസ് നീക്കം നടത്തുന്നത്. എന്നാൽ, റയൽ കുപ്പായത്തിൽ കളത്തിനിറങ്ങാനാകുമോ എന്ന കാര്യം വ്യക്തമല്ല. ക്ലബിന്റെ അംബാസഡർ പദവിയാണ് ഓഫർ ചെയ്തിരിക്കുന്നതെന്ന് 'എൽ നാഷനൽ' റിപ്പോർട്ടിൽ പറയുന്നു. ഇല്ലെങ്കിൽ ക്ലബ് ഭരണസമിതിയുടെ ഭാഗമാകാമെന്ന വാഗ്ദാനവുമുണ്ട്.

Former Alnasser midfielder Adrian Mierszewski mocks Cristiano Ronaldo on social media

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News